അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30ന് ഗവർണർ സത്യദേവ് ആര്യ സത്യവാചകം ചൊല്ലി കൊടുക്കും. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ബിപ്ലബ് കുമാർ ദേബ് രാജിവെച്ചതിനെ തുടർന്നാണ് മണിക് സാഹ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. നിലവിൽ ത്രിപുര ബിജെപി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭാംഗവുമാണ് മണിക് സാഹ.
ഡെന്റൽ ഡോക്ടറായ മണിക് സാഹ കോൺഗ്രസിലൂടെയാണ് തന്റെ രാഷ്‌ട്രീയ ജീവിതം തുടങ്ങുന്നത്. 2016ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. 2020ൽ ത്രിപുരയിലെ ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റു. രാജ്യസഭാ എംപി സ്ഥാനവും അദ്ദേഹം വഹിക്കുന്നുണ്ട്. മാർച്ച് മാസത്തിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ത്രിപുരയിൽ നിന്നുള്ള ആദ്യ ബിജെപി രാജ്യസഭാംഗമാണ് മണിക് സാഹ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും സന്ദർശിച്ചതിന് പിന്നാലെയാണ് ബിപ്ലബ് കുമാർ ദേബ് രാജി സമർപ്പിച്ചത്. ത്രിപുര നിയമസഭാ തിരഞ്ഞെപ്പിന് 10 മാസം മാത്രം ബാക്കി നിൽക്കെയാണ് മുഖ്യമന്ത്രിയെ മാറ്റിയത്.
Comments