കണ്ണൂർ: തില്ലങ്കേരിയിലെ ആർ എസ് എസ് സ്വയം സേവകൻ വിനീഷ് വധക്കേസിലെയും, യൂത്ത് കോണ്ഗ്രസ് ഷുഹൈബ് വധക്കേസിലെയും പ്രതി ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിൽ കാസർകോട്ടെ ഡിവൈഎഫ്‌ഐ നേതാവ് പങ്കെടുത്തത് വിവാദത്തിൽ. ഡിവൈഎഫ്‌ഐ മഞ്ചേശ്വരം ബ്ലോക്ക് അംഗവും, സിപിഎം ബായാർ ലോക്കൽ കമ്മിറ്റി അംഗവുമായ മുഹമ്മദ് സക്കറിയ ആണ് വിവാഹത്തിൽ പങ്കെടുത്തത്. സംഭവത്തിൽ വിമർശനവുമായി ബിജെപിയും, യൂത്ത് കോൺഗ്രസ്സും രംഗത്തെത്തി.
ഷുഹൈബ് വധക്കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ ആകാശ് തില്ലങ്കേരിയെ സിപിഎമ്മും, ഡിവൈഎഫ്‌ഐയും തള്ളിപ്പറഞ്ഞിരുന്നു. ആകാശ് തില്ലങ്കേരിയ്‌ക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഎമ്മിന്റെ വാദം. കരിപ്പൂരിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയും സിപിഎമ്മും തുറന്നപോരിൽ ഏർപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം വെറും പ്രഹസനമാണെന്നാണ് ആകാശിന്റെ വിവാഹത്തിന് ഡിവൈഎഫ്‌ഐ നേതാവ് പങ്കെടുത്തതിലൂടെ വ്യക്തമാക്കുന്നത്.
വിവാഹത്തിൽ പങ്കെടുത്തതോടെ ഡിവൈഎഫ്‌ഐ എന്നും കൊലയാളികൾക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ പറഞ്ഞു. യൂത്ത് കോൺഗ്രസ് നോതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കൊടും കുറ്റവാളിയാണ് ആകാശ് തില്ലങ്കേരി. കുറ്റവാളിയുടെ വിവാഹത്തിൽ ഡിവൈഎഫ്‌ഐ നേതാവ് പങ്കെടുത്തത് പാർട്ടി എന്നും കൊലയാളികൾക്ക് ഒപ്പമാണ് എന്നതിന് തെളിവാണ്. ഡിവൈഎഫ്‌ഐ തന്നെയാണ് ആകാശ് തില്ലങ്കേരിയെ കൊടും കുറ്റവാളിയായി പ്രഖ്യാപിച്ചു എന്ന് പറയുന്നത്. എന്നാൽ ഇപ്പോഴും ആകാശുമായി നല്ല ബന്ധമാണ് ഡിവൈഎഫ്‌ഐയ്‌ക്ക് ഉള്ളതെന്നാണ് വിവാഹത്തിൽ പാർട്ടി ഭാരവാഹികൾ പങ്കെടുത്തതിൽ നിന്നും വ്യക്തമാകുന്നത് എന്നും പ്രദീപ് കുമാർ ആരോപിച്ചു.
Comments