കോഴിക്കോട്: കുളിമാട് പാലം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.പാലാരിവട്ടം ഹാങ് ഓവർ മാറാത്തവരാണ് വിമർശിക്കുന്നതെന്നും സംഭവത്തിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം പാലം തകർന്ന് വീണ സംഭവത്തിൽ മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ലീഗ് നേതാവും മുൻമന്ത്രിയുമായ എം.കെ മുനീർ ആവശ്യപ്പെട്ടു.പാലാരിവട്ടം പാലത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്തതു പോലെ ഈ സംഭവത്തിലും കേസ് എടുക്കാമെന്ന് മുനീർ ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് തകർന്ന് വീഴുന്ന പാലങ്ങളുടെ എണ്ണം വർദ്ധിക്കുന്നതായി മുനീർ ചൂണ്ടിക്കാട്ടി.പാലാരിവട്ടം പാലം സുരക്ഷിതം ആയിരുന്നു എന്നാണ് ഇപ്പോഴും പറയുന്നത്. അന്ന് കോൺക്രീറ്റ് മാത്രമാണ് അടർന്നത്. മുൻമന്ത്രിയ്‌ക്ക് എതിരായ രാഷ്‌ട്രീയ വിരോധമാണ് അന്നത്തെ കേസിന് ആധാരമെന്ന് മുനീർ ആരോപിച്ചു.
പാലം നിർമിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.സംഭവത്തിൽ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.ഊരാളുങ്കലിന്റെ പേരിൽ കരാറെടുത്ത് സിപിഎം ആണ് നിർമാണ പ്രവർത്തനം നടത്തുന്നത്.
സിപിഎമ്മിന് ഫണ്ടുണ്ടാക്കാക്കാനുള്ള ഏജൻസിയായി ഊരാളുങ്കൽ മാറിക്കഴിഞ്ഞു.
ടെൻഡർ ഇല്ലാതെയാണ് പല കരാറുകളും ഊരാളുങ്കലിനു നൽകുന്നത്. ഈ സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ഫിറോസ് ആരോപിച്ചു.
ചാലിയാറിനു കുറുകെ കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകൾ കഴിഞ്ഞ ദിവസമാണ് തകർന്നത്. അപകടത്തിൽ ഒരു തൊഴിലാളിയ്‌ക്ക് പരിക്കേറ്റിരുന്നു.
















Comments