ഭോപ്പാൽ: മൂന്ന് പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വനം കൊളളക്കാരിൽ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തി മദ്ധ്യപ്രദേശ് പോലീസ്. പോലീസിന് നേരെ വെടിയുതിർത്ത് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നടത്തിയ പ്രത്യാക്രമണത്തിലായിരുന്നു ഇയാൾക്ക് വെടിയേറ്റത്. മദ്ധ്യപ്രദേശിലെ ഗുണയിലാണ് സംഭവം.
സഹീർ എന്ന് വിളിക്കുന്ന ഛോട്ടുവാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ചോട്ടു ഉൾപ്പെടെ രണ്ട് ക്രിമിനലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും മറ്റ് രണ്ടു പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
രാജസ്ഥാനിലേക്ക് ബൈക്കിൽ കടക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ഇതിനിടെ പോലീസിന്റെ വലയിൽപെട്ടു. ബൈക്ക് നിർത്താൻ പറഞ്ഞെങ്കിലും കൂട്ടാക്കാതെ പോലീസിന് നേരെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റൾ കൊണ്ട് വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് പോലീസും തിരികെ വെടിയുതിർത്തതെന്ന് എസ്പി രാജീവ് കുമാർ മിശ്ര പറഞ്ഞു.
ഇയാളിൽ നിന്ന് പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്. ശനിയാഴ്ചയാണ് ഒരു സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ മൂന്ന് പോലീസുകാരെ വനം കൊളളക്കാർ വെടിവെച്ചു കൊന്നത്. സംഭവത്തിൽ ഉത്തരവാദികളായവരെ ഉടനടി പിടികൂടുമെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ഉറപ്പു നൽകിയിരുന്നു.
സംഭവസ്ഥലത്ത് താമസിച്ച് എത്തിയതിന് ഗ്വാളിയാർ ഐജിയെ ഉൾപ്പെടെ സംസ്ഥാന സർക്കാർ നീക്കിയിരുന്നു. മൂന്ന് പോലീസുകാരുടെ ആശ്രിതർക്കും ഒരു കോടി രൂപ വീതവും കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയും വാ്ഗ്ദാനം ചെയ്തിട്ടുമുണ്ട്.
















Comments