ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ പൈതൃക ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ സിംഹത്തിന്റെ ശില കണ്ടെത്തി. ക്ഷേത്രത്തിന്റെ ഇമാർ മട്ട് സമുച്ഛയത്തിനുള്ളിൽ നിന്നാണ് ശില കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ഗവേഷകർ ശില പരിശോധിച്ചുവരികയാണ്.
നിലവിൽ ഇടനാഴിയുടെ നിർമ്മാണത്തിനായി കുഴിയെടുക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനിടെയാണ് സിംഹത്തിന്റെ വലിയ ശില കണ്ടത്. ഇതിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. 15 ലധികം അടി കുഴിച്ച ശേഷമാണ് സിംഹത്തിന്റെ ശില കണ്ടത്. കുഴിക്കുന്നതിനിടെ ആയുധങ്ങൾ തട്ടി ശിലയ്‌ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് പുരാവസ്ഥുവകുപ്പിന്റെ പരിശോധനയ്‌ക്ക് കാത്ത് നിൽക്കാതെയാണ് സംസ്ഥാന സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ചരിത്ര പ്രാധാന്യമുള്ള സ്ഥലം ആയതിനാൽ ഇവിടെ പൈതൃക ഇടനാഴി നിർമ്മിക്കുന്നതിനെതിരെ നേരത്തെ എതിർപ്പുകൾ ഉയർന്നിരുന്നു. ഇത് വകവയ്‌ക്കാതെയാണ് സർക്കാർ നടപടികളുമായി മുന്നോട്ട് പോയത്.
സിംഹ ശില ലഭിച്ച സ്ഥലം വിശദമായി പരിശോധിച്ചുവരികയാണ്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പറഞ്ഞു. പൈതൃക ഇടനാഴിയുടെ നിർമ്മാണത്തിന് മുൻപ് പ്രദേശത്ത് സർക്കാർ പരിശോധനയ്‌ക്ക് തയ്യാറായിട്ടില്ല. ചരിത്രം ഉറങ്ങിക്കിടക്കുന്ന സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് അതിന്റെ പൈതൃകം ഇല്ലാതാക്കുമെന്നും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ വ്യക്തമാക്കി.
















Comments