അഹമ്മദാബാദ്: ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായിരുന്ന ഹർദ്ദിക് പട്ടേൽ പാർട്ടി വിട്ടു. ട്വിറ്ററിലൂടെയാണ് പട്ടേൽ തന്റെ രാജി അറിയിച്ചത്. പട്ടേലും കോൺഗ്രസുമായി അടുത്തിടെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു. ഇതിനൊടുവിലാണ് രാജി.
കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെയ്ക്കുകയാണെന്നാണ് ഹർദ്ദിക് പട്ടേൽ ട്വിറ്ററിൽ കുറിച്ചത്. തന്റെ ഈ തീരുമാനത്തെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് ഉറപ്പുണ്ട്. ഈ നിർണായക ചുവടുവെപ്പിലൂടെ ഗുജറാത്തിന് വേണ്ടി ക്രിയാത്മകമായി പ്രവർത്തിക്കാൻ തനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും ഹർദ്ദിക് പട്ടേൽ പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപാണ് പട്ടിദാർ ആക്ടിവിസ്റ്റായ ഹർദ്ദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നത്. സംസ്ഥാനത്തെ ബിജെപി ഭരണത്തെ വെല്ലുവിളിച്ച ഹർദ്ദിക് കോൺഗ്രസിന് ഗുജറാത്ത് ഭരണം നൽകുമെന്ന് പ്രഖ്യാച്ചിരുന്നു. എന്നാൽ പാർട്ടിക്കുള്ളിൽ പോര് തുടങ്ങിയതോടെ നേതാവ് മുട്ടുമടക്കി.
സംസ്ഥാന നേതാക്കൾക്കെതിരെ നിരവധി തവണ രാഹുൽ ഗാന്ധിക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ഹർദ്ദിക് പട്ടേലിന്റെ ആരോപണം. ഹർദ്ദിക് പട്ടേൽ കോൺഗ്രസിൽ എത്തിയതോടെ ഗുജറാത്ത് രാഷ്ട്രീയത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ വിലയിരുത്തൽ.
ഹർദ്ദിക് പട്ടേൽ പാർട്ടി വിടുന്നുവെന്ന അഭ്യൂഹങ്ങൾ നേരത്തെയും ശക്തമായിരുന്നുവെങ്കിലും പലപ്പോഴും അദ്ദേഹം അത് നിഷേധിക്കുകയായിരുന്നു. കോൺഗ്രസിന് വേണ്ടി എല്ലായ്പ്പോഴും പ്രവർത്തിക്കുമെന്നാണ് ഹർദ്ദിക് അവകാശപ്പെട്ടത്.
















Comments