ന്യൂഡൽഹി: രാജ്യത്ത് വിവാഹാഘോഷങ്ങളിലും മറ്റും വെയ്‌ക്കുന്ന സിനിമാപാട്ടുകളുടെ പകർപ്പവകാശം സംബന്ധിച്ച വിഷയം പഠിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ച് ഡൽഹി ഹൈക്കോടതി. ഡൽഹി ദേശീയ നിയമ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.അരുൺ ജോർജ് സ്‌കറിയയാണ് അമിക്കസ് ക്യൂറി.
പകർപ്പവകാശമുള്ള ഗാനങ്ങളുടെ വിതരണക്കാരായ ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡ് ഫയൽ ചെയ്ത ഹർജി പരിഗണിക്കുന്നതിനിടയിലാണ് ജസ്റ്റിസ് പ്രഭ സിങ്ങ് അമിക്കസ് ക്യൂറിയെ നിയമിച്ചത്.ലുക്ക്പാർട്ട് എക്‌സിബിഷൻസ് ആൻഡ് ഇവന്റ്‌സ് തങ്ങൾക്ക് പകർപ്പവകാശമുള്ള ഗാനങ്ങൾ വിവാഹങ്ങളിലും മറ്റ് പൊതുവേദികളിലും സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
പൊതുവേദികളിൽ ഗാനങ്ങൾ ഉപയോഗിക്കാൻ ലൈസൻസ് നേടണമെന്നാണ് ഹർജിയിലെ വാദം. വിഷയം പഠിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് കോടതി നിർദേശം നൽകി. ഈ വിഷയത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള നിയമപരമായ സാധുതകളും സാഹചര്യങ്ങളും മനസിലാക്കി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശമുണ്ട്. കേസ് ജൂലായ് ആറിന് വീണ്ടും പരിഗണിക്കും.
വിവാഹവും മറ്റു ചടങ്ങുകളും ഇവന്റ് മാനേജ്‌മെന്റുകളുടെ ആസൂത്രണത്തിൽ നടക്കുമ്പോൾ സിനിമാഗാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് ഗാനരചയിതാക്കൾ,സംഗീതസംവിധായകർ,ഗായകർ,സൗണ്ട് റെക്കോർഡിംഗ് പ്രൊഡ്യൂസർമാർ എന്നിവരുടെ പകർപ്പവകാശത്തെ ബാധിക്കുമെന്ന് ജസ്റ്റിസ് നിരീക്ഷിച്ചു.
നിലവിൽ വിവാഹം ഉൾപ്പടെയുള്ള ആഘോഷവേളകളിലും ഡിജെ പാർട്ടികളിലും പകർപ്പവകാശമുള്ള പാട്ടുകൾ ഉപയോഗിക്കുന്നതിൽ ഇളവുണ്ട്.
















Comments