ജലന്ധർ: അതിർത്തികടന്നുള്ള ഭീകര പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. പാകിസ്താന്റെ ചാര സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന സഫാർ റിയാസും മുഹമ്മദ് ഷംസാദുമാണ് പോലീസ് പിടിയിലായത്. ഇരുവരേയും അമൃതസറിൽ നിന്നാണ് പിടികൂടിയത്.
പഞ്ചാബിൽ നിന്ന് പിടിയിലായ ഭീകരർ പാകിസ്താനിൽ പരിശീലനം നേടിയവരണെന്നാണ് കണ്ടെത്തൽ. റിയാസ് പശ്ചിമബംഗാളിലെ കൊൽക്കത്ത നിവാസിയം ഷംസാദ് ബീഹാറിലെ മധുബൻ സ്വദേശിയുമാണെന്നാണ് കണ്ടെത്തൽ. ഇരുവരും കഴിഞ്ഞ 20വർഷമായി അമൃത്സറിലെ മിറാകോട്ടചൗക്കിൽ താമസിച്ചാണ് പാക് ഭീകരരുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നത്. റിയാസ് വിവാഹം കഴിച്ചത് പാക് വനിതയും ലാഹോറിൽ പരസ്യ മോഡലായ റാബിയയെ ആണെന്നും പോലീസ് അറിയിച്ചു.
മുൻപ് ഇരുവരും കൊൽക്കത്തയിലാണ് 2012വരെ താമസിച്ചിരുന്നത്. റിയാസിന് ഒരു വാഹനാപകടം ഉണ്ടായതോടെയാണ് റാബിയ ലോഹോറിലേക്ക് തിരികെ പോയത്. തുടർന്ന് എല്ലാ വർഷവും ലാഹോറിൽ പോകാറുണ്ടായിരുന്ന റിയാസിനെ ഐഎസ്‌ഐയുമായി ബന്ധപ്പെടുത്തിയത് പാക് ചാര ഉദ്യോഗസ്ഥനായ അവൈസാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. റിയാസിന് ഷംസാദിനെ പരിതയപ്പെടുത്തിയത് അവൈസാണ്. ഇരുവരും ചേർന്ന് അമൃത്സർ കന്റോൺമെന്റ് മേഖലയുടേയും വ്യോമതാവളത്തിന്റേയും ചിത്രങ്ങൾ എടുത്ത് പാകിസ്താന് കൈമാറിയെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇരുവരേയും പിടികൂടാൻ സാധിച്ചത് പാക്ചാരസംഘടനയായ ഐഎസ്‌ഐയുടെ എല്ലാ നീക്കങ്ങളും കണ്ടെത്താൻ വലിയ സഹായമായിരിക്കുകയാണ്, ഇന്ത്യയുടെ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പാകിസ്താന്റെ ഭാവിപങ്ക് എന്താണെന്ന് കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യൽവഴി സാധിക്കുമെന്നാണ് പോലീസ് പറയുന്നത്.
Comments