ഭോപ്പാൽ: ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്രയിലേക്ക് കല്ലേറ് നടത്തിയവരുടെ വീടുകൾ പൊളിച്ചുനീക്കി അധികൃതർ. ജിരാപൂർ മുനിസിപ്പൽ കോർപ്പറേഷനിലാണ് സംഭവം.
കല്ലേറ് നടത്തിയ സംഘം താമസിക്കുന്ന ജരാപൂരിലെ വാർഡ് നാലിലാണ് ബുൾഡോസറുകൾ എത്തിയത്. ഇതിനോടകം എട്ട് വീടുകൾ പൊളിച്ചുമാറ്റിയതായും കല്ലേറ് നടത്തിയ ഇനിയുമധികം ആളുകളുടെ വീടുകൾ പൊളിച്ചുമാറ്റാനുണ്ടെന്നും തദ്ദേശസ്വയം ഭരണ വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ചയായിരുന്നു വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിൽ കല്ലേറ് നടന്നത്. 21 പേരാണ് കേസിലെ പ്രതികളെന്നും ഇവരിൽ 18 പേരുടെ വീടുകൾ തിരിച്ചറിഞ്ഞതായും അധികൃതർ വ്യക്തമാക്കി. ജിരാപൂർ മുനിസിപ്പൽ കോർപ്പറേഷനിൽ കയ്യേറ്റ ഭൂമിയിലാണ് ഇവരുടെ വീടുകൾ സ്ഥിതിചെയ്തിരുന്നത് എന്നതിനാലാണ് പ്രതികളുടെ വീടുകൾ ഉടൻ പൊളിച്ചുമാറ്റിയതെന്ന് പോലീസ് അറിയിച്ചു.
കല്ലേറിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഘോഷയാത്രയ്‌ക്ക് എത്തിച്ച ഡ്രമ്മുകളും മറ്റ് സംഗീത ഉപകരണങ്ങളും അക്രമികൾ തകർക്കുകയും ചെയ്തിട്ടുണ്ട്. വധുവിന്റെ അച്ഛനാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയത്.
















Comments