അമ്മ… എന്തൊരു ഇമ്പമുള്ള വാക്ക് അല്ലേ? എത്ര പറഞ്ഞാലും തീരാത്തതാണ് അമ്മയുടെ മാഹാത്മ്യം. സ്‌നേഹവും വാത്സല്യവും ശാസനയും ചൊരിഞ്ഞ് മക്കളെ വളർത്തി വലുതാക്കുന്ന മാതാപിതാക്കൾ കടന്നു പോകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല എന്ന് പ്രത്യേകം പറയണ്ടല്ലോ? മക്കളുടെ നന്മയ്‌ക്കായി ഏതറ്റം വരെ പോകുന്നവരാണ് മാതാപിതാക്കൾ. അങ്ങനെ 30 വർഷക്കാലം മകളെ സുരക്ഷിതമായി പോറ്റി വളർത്താൻ സ്വന്തം സ്വത്വം തന്നെ മറന്ന ഒരു അമ്മയുടെ കഥയറിഞ്ഞാലോ?സ്വന്തം മകളെ വളർത്താൻ വേണ്ടി 30 വർഷം ആൺവേഷം കെട്ടിയ ആ അമ്മയുടെ കഥയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. നമുക്ക് അവരുടെ ജീവിതകഥയറിയാം.
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. കടുനായ്‌ക്കൻപട്ടി ഗ്രാമത്തിലെ പേച്ചിയമ്മാൾ എന്ന സ്ത്രീയാണ് 30 വർഷം ആരുമറിയാതെ മുത്തുവായി ജീവിച്ചത്. ഒരു മകൾ മാത്രമാണ് ഇവർക്ക് ഉണ്ടായിരുന്നത്. ഭർത്താവ് മരിച്ച് പോയതിന് ശേഷമാണ് പേച്ചിയമ്മാളിന് ഇങ്ങനെയൊരു വേഷം കെട്ടേണ്ടി വന്നത്. ആൺതുണയില്ലാതെ ജീവിക്കേണ്ടി വന്നപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായിരുന്നു ഈ കടുംകൈ
ഇരുപതാം വയസ്സിലായിരുന്നു പേച്ചിയമ്മാളിന്റെ വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് 15 ദിവസം കഴിഞ്ഞപ്പോൾ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു. ഈ സമയം പേച്ചിയമ്മാൾ ഗർഭിണിയായിരുന്നു. കുഞ്ഞിനെ പ്രസവിച്ച് കഴിഞ്ഞപ്പോൾ പേച്ചിയമ്മാളിനെ മറ്റൊരു വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചു. ഇതിന് തയ്യാറാകാതിരുന്ന ഇവർ മകളേയുമെടുത്ത് ഒരു ജോലിക്കായി വീട് വിട്ടിറങ്ങി.
പുരുഷാധിപത്യ സ്വഭാവമുള്ള സമൂഹത്തിൽ ജോലിയ്‌ക്കു പോവുക എന്നത് പേച്ചിയമ്മാളിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയായിരുന്നു. പലരും പേച്ചിയമ്മാളിനെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു. ഒറ്റയ്‌ക്ക് ജീവിക്കുന്ന യുവതിയെ നാട്ടുകാർ എങ്ങനെയാണ് നോക്കിക്കാണുക എന്ന് പേച്ചിയമ്മാൾക്ക് ബോധ്യമായി. സ്ത്രീയായി ജീവിച്ചാൽ തനിക്ക് നേരെ വരുന്ന കൈകൾ മകൾക്ക് നേരെയും വന്നേക്കാമെന്ന് അവർ ഭയപ്പെട്ടു. തുടർന്നാണ് കടുത്ത തീരുമാനം എടുത്തത്.ഇനിയുള്ള കാലം പുരുഷനായി വേഷം മാറുക എന്നവർ തീരുമാനിക്കുകയായിരുന്നു.
27ാം വയസ്സിലായിരുന്നു ഇവർ ഈ തീരുമാനം എടുത്തത്. ഇതിനായി നീളമുള്ള മുടി മുറിച്ചു, ലുങ്കിയും ഷർട്ടും ധരിച്ച് മുത്തുവായി മാറി. പിന്നീട് പലയിടങ്ങളിലായി ചായക്കടകളിലും മറ്റും ജോലി ചെയ്തു. പൊറോട്ട അടിക്കാനും ചായ അടിക്കാനുമെല്ലാം തുടങ്ങിയതോടെ മുത്തു പതിയെ മുത്തു മാസ്റ്റർ എന്ന് അറിയപ്പെടാൻ തുടങ്ങി.ആദ്യ നാളുകളിൽ വളരെ പ്രയാസകരമായിരുന്നു ആൺ വേഷം കെട്ടിയുള്ള ജീവിതം.
എന്നാൽ മകളെ ഓർത്ത് എല്ലാം സഹിച്ചു, ക്ഷമിച്ചു. പുരുഷനായി ജീവിക്കാൻ തുടങ്ങിയതോടെ ലൈംഗിക അതിക്രമമുണ്ടായിട്ടില്ല. എവിടെയും യാത്ര ചെയ്യാമെന്ന അവസ്ഥ വന്നു. വാഹനങ്ങളിൽ ജനറൽ സീറ്റിലായിരുന്നു യാത്ര. പുരുഷൻമാരുടെ മൂത്രപ്പുരകളിലാണ് പോയിരുന്നതെന്ന് മുത്തു മാസ്റ്റർ എന്ന പേച്ചിയമ്മാൾ പറയുന്നു.ജോലിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് മകളെ വളർത്തി. ഒടുവിൽ വിവാഹവും കഴിച്ച് അയച്ചു.
അമ്മയുടെ വേഷം മാറലിനെകുറിച്ച് മകൾക്ക് അറിയാമായിരുന്നു. മകൾ ശൺമുഖസുന്ദരി ഒഴികെ ഗ്രാമത്തിലെ മറ്റാർക്കും ഇത് അറിയുമായിരുന്നില്ല. അമ്മ തനിക്ക് വേണ്ടി സഹിക്കുന്ന യാതനകൾ അറിയാവുന്ന മകളും എല്ലാം രഹസ്യമാക്കി വെച്ചു. ആധാർ കാർഡിലും റേഷൻകാർഡിലും വോട്ടർ ഐഡികാർഡിലുമെല്ലാം മുത്തുവെന്നാണ് കഴിഞ്ഞ വർഷം നേടിയ തൊഴിലുറപ്പ് കാർഡിൽ മാത്രമാണ് സ്ത്രീ എന്നത്. ഇപ്പോൾ പേച്ചിയമ്മാളിന് 57 വയസ്സായി. അസുഖങ്ങൾ ബാധിച്ചതോടെ പഴയത് പോലെ ജോലിക്ക് പോകാനും സാധിക്കാതെയായി. ഇതോടെയാണ് ഈ രഹസ്യം ഇവർ പുറത്ത് വിട്ടത്. സർക്കാർ തന്നെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.















Comments