ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടി ശാസനയിൽ ഒതുക്കി. നയപരമായ തീരുമാനമെടുക്കുമ്പോൾ സർക്കാരിനെ അറിയിക്കണം എന്ന നിർദേശത്തോടെയാണ് വകുപ്പുതല നടപടികൾ അവസാനിപ്പിച്ചത്. വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ബെന്നിച്ചൻ തോമസിനെതിരായ നടപടി അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത്.
ചീഫ് വൈൽഡ് ലൈഫ് വാർഡനായിരിക്കെ തമിഴ് നാടിന് മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ ബെന്നിച്ചൻ തോമസ് അനുമതി നൽകിയത് വിവാദമായിരുന്നു. ഇത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ബെന്നിച്ചൻ തോമസിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചീഫ് സെക്രട്ടറി തല അന്വേഷണത്തിന് ശേഷം തിരിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന വകുപ്പ് തല അന്വേഷണത്തിന് ശേഷമാണ് ബെന്നിച്ചൻ തോമസിനെതിരായ നടപടി ശാസനയിൽ ഒതുക്കിയത് .
നയപരമായ തീരുമാനമെടുക്കുമ്പോൾ സർക്കാരിനെ അറിയിക്കണം എന്ന നിർദ്ദേശത്തോടെയാണ് വകുപ്പുതല നടപടികൾ അവസാനിപ്പിച്ചത്. നാളെ വനം മേധാവിയെ കണ്ടെത്താനുള്ള യോഗം ചേരാനിരിക്കെയാണ് വനം പ്രിൻസിപ്പൽ സെക്രട്ടറി ബെന്നിച്ചൻ തോമസിനെതിരായ നടപടികൾ അവസാനിപ്പിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. മരം മുറിക്കാൻ അനുമതി നൽകിയതിൽ ബെന്നിച്ചൽ തോമസിന് വ്യക്തി താൽപര്യമുണ്ടായിരുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ സർക്കാർ അനുമതി വാങ്ങാതെ നയപരമായ തീരുമാനമെടുത്തതിൽ ജാഗ്രതക്കുറവുണ്ടായതായും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
Comments