ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ യുഡിഎഫിനെയും എൽഡിഎഫിനെയും വലയ്‌ക്കുന്ന പ്രശ്‌നമാണ് വെളളക്കെട്ട്. വേനൽ മഴയിൽ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ആവേശം തണുത്ത നിലയിലാണ്. വെളളക്കെട്ട് കാരണം ഇടതു-വലതു മുന്നണികളുടെ നേതാക്കൾ എല്ലാം വോട്ടർമാരെ നേരിടാനാവാതെ മുങ്ങുകയാണ്. വെളളക്കെട്ട് മൂലം ദുരിതത്തിലായ വോട്ടർമാർ ഇരു മുന്നണി നേതാക്കളോട് കടുത്ത അമർഷത്തിലാണ്.
അതിനിടെയാണ് മുൻ മന്ത്രി തോമസ് ഐസക്ക് വെളളക്കെട്ടിനുളള കാരണം നിരത്തി മുന്നോട്ട് വന്നിരിക്കുന്നത്. ഫെയ്‌സ്ബുക്കിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. തോമസ് ഐസക്ക് നിരത്തുന്ന കാരണങ്ങൾ ഇവയാണ്. എറണാകുളത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ ചതുപ്പു പാടങ്ങളും താരതമ്യേന താഴ്ന്നവയും ആയിരുന്നു. ഇപ്പോൾ ഇവിടെയെല്ലാം ജനനിബിഡമാണ്. നീർച്ചാലുകൾ അടഞ്ഞു. ഇവ പരിഹരിക്കാനുള്ള മുഖ്യചുമതല പ്രദേശവാസികൾക്കു തന്നെയാണ്. ഇതാണ് ഒന്നാമത്തെ കാരണം.
രണ്ടാമത്തെ കാരണം നീർവ്വാർച്ചയുള്ള പ്രധാന തോടുകൾ കൈയ്യേറ്റങ്ങൾമൂലം പലയിടത്തും ഓടകളായിട്ടുണ്ട്. ജനങ്ങളുടെ സഹകരണത്തോടെ കോർപ്പറേഷനാണ് ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു മുൻകൈയെടുക്കേണ്ടത്. മൂന്നാമത്ത് കാരണം, തോടിനെ കുപ്പത്തൊട്ടിയായിട്ടാണ് ഇന്നു പൊതുവിൽ കാണുന്നത്. ഇതിനു മാറ്റം ഉണ്ടാവണം. മാലിന്യസംസ്‌കരണമാണ് ഉത്തരം. ഇതിനായുള്ള ജനകീയ പ്രസ്ഥാനത്തിനു പിന്തുണ കോർപ്പറേഷൻ ഹരിതകർമ്മസേനയും മറ്റും വഴി ഉറപ്പാക്കണം.
നാഷണൽ ഹൈവേ, ബൈപ്പാസ് പണിതപ്പോൾ നീരൊഴുക്കിനെ സുഗമമാക്കുന്നതിൽ വേണ്ടത്ര ശ്രദ്ധചെലുത്തിയില്ല. തോടുകൾ ചിലത് പൈപ്പ് ഓടകളായിട്ടാണ് ബൈപ്പാസിനു കുറുകേ കടക്കുന്നത്. മഴക്കാലത്ത് ഇവ അപര്യാപ്തമാണ്. നാഷണൽ ഹൈവേ അതോറിറ്റി ആവശ്യമുള്ളിടങ്ങളിൽ കൾവർട്ടുകൾ പണിയണം ഇതാണ് നാലാമത്തെ കാരണം.
ഇതിനെല്ലാമുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനോ പരിഹാരം തേടുന്നതിനോ ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ചവർ ശ്രമിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെടുന്നു. എന്നാൽ അദ്ദേഹത്തിന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനമാണ് ഉണ്ടായത്. ഭരണം തുടങ്ങിയിട്ട് ഏഴ് കൊല്ലം കഴിഞ്ഞിട്ടും പരിഹാരം കാണാൻ കഴിയാതെ വോട്ട് ചോദിക്കാൻ നാണമില്ലേയെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി മുഹമദ് റിയാസ് തൃക്കാക്കരയിലെ റോഡിലെ ചെളിവളത്തിലൂടെ ബൈക്കിൽ പോകുന്ന പടം പോസ്റ്റ് ചെയ്യുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.
Comments