ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ വിവാദ പരാമർശം നടത്തിയ ഡൽഹി ഹിന്ദു കോളജ് അസോസിയേറ്റ് പ്രൊഫസറെ അറസ്റ്റ് ചെയ്തു. ചരിത്ര വിഭാഗം അസോസിയേറ്റ് അദ്ധ്യാപകനായ രത്തൻലാൽ ആണ് അറസ്റ്റിലായത്.
ഇരുവിഭാഗങ്ങൾ തമ്മിൽ മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 295 എ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെടുത്തുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു രത്തൻ ലാലിന്റെ വിവാദ പോസ്റ്റ്. ശിവലിംഗത്തിന്റെ ചിത്രവും ഉൾപ്പെടുത്തിയായിരുന്നു പോസ്റ്റ് ഇട്ടത്.
ഡൽഹിയിലെ അഭിഭാഷകനായ വിനീത് ജിൻഡാൽ ആണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ശിവലിംഗത്തെക്കുറിച്ചുളള രത്തൻ ലാലിന്റെ അഭിപ്രായം ആക്ഷേപകരവും പരിഹാസ്യവും പ്രകോപനപരവുമാണെന്നും നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. പരാതി പരിശോധിച്ച പോലീസ് ഇയാളെ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നോർത്ത് സൈബർ പോലീസ് ആണ് നടപടി സ്വീകരിച്ചത്. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതുമായി ബന്ധപ്പെട്ട വിഷയം ഏറെ സെൻസിറ്റീവും കോടതിയുടെ പരിഗണനയിലുമാണെന്ന് പരാതിയിൽ വിനീത് ജിൻഡാൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതും പോലീസ് പരിഗണിച്ചു. താൻ ഒരു ചരിത്രകാരനാണെന്നും ആ നിലയ്‌ക്കാണ് നിരീക്ഷണങ്ങൾ നടത്തിയതെന്നുമായിരുന്നു രത്തൻ ലാലിന്റെ വിശദീകരണം.
സംഭവത്തെ തുടർന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ) പ്രവർത്തകർ മൗറിസ് നഗറിലെ പോലീസ് സ്‌റ്റേഷന് പുറത്ത് പ്രതിഷേധവുമായി എത്തിയിരുന്നു. കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗും അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Comments