കൊച്ചി: ആലപ്പുഴയിൽ പച്ചച്ചോരയുടെ മണം മാറുന്നതിന് മുൻപാണ് പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിക്ക് അനുമതി കൊടുത്തതെന്ന് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ഇവരുടെ പരിപാടികൾക്ക് അനുമതി നൽകാത്തതാണ്. ഇപ്പോഴും കേരളം ഭരിക്കുന്നത് ഇടത് സർക്കാരാണെങ്കിലും പുതിയ തീരുമാനം തൃക്കാക്കര കൂടി കണക്കിലെടുത്താണെന്നും അഡ്വ ജയശങ്കർ ചൂണ്ടിക്കാട്ടി.
യൂണിറ്റി മാർച്ചും ഫ്രീഡം പരേഡും കാഞ്ഞിരപ്പളളിയിലും ഈരാറ്റുപേട്ടയിലും ആലുവയിലുമൊക്കെ നടത്തുമെന്ന് പറഞ്ഞ് പോപ്പുലർ ഫ്രണ്ടുകാർ പോസ്റ്റർ ഒട്ടിക്കും. പക്ഷെ കൃത്യസമയത്ത് ജില്ലാ പോലീസ് മേധാവികൾ അനുമതി നിഷേധിക്കുകയാണ് പതിവ്. പക്ഷെ ഇപ്പോൾ തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. പിഡിപി നിലവിൽ ഇടത് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ പിഡിപിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തുന്നുണ്ട്.
ആളുകളെ സ്വാധീനിക്കാൻ പോപ്പുലർ ഫ്രണ്ടുകാർക്ക് സാധിക്കും. അവർ തിരിച്ച് വോട്ട് ചെയ്താൽ നൂറ് തികയില്ലെന്ന ആശങ്കയാണ് ഇടതുപക്ഷത്തിന്. അതുകൊണ്ടാണ് റാലിക്ക് അനുമതി കൊടുത്തതെന്നും അഡ്വ ജയശങ്കർ പറഞ്ഞു. സജി ചെറിയാനും ആലപ്പുഴയിലെ ചിത്തരഞ്ജനുമൊക്കെ പോപ്പുലർ ഫ്രണ്ടിന് കപ്പം കൊടുത്ത് ജീവിക്കുന്നവരാണ്. അമ്പലപ്പുഴ എംഎൽഎ അറിയപ്പെടുന്നത് തന്നെ സുഡാപ്പി സലാം എന്ന പേരിലാണെന്നും അദ്ദേഹം പറഞ്ഞു.
എബിസി മലയാളം ന്യൂസ് എന്ന വെബ് ചാനലിലെ ജയശങ്കർ വ്യൂസ് എന്ന വീഡിയോ പരിപാടിയിലൂടെയാണ് പോപ്പുലർ ഫ്രണ്ടിന്റെ റാലിയെയും അതിന് അനുമതി കൊടുത്ത നടപടിയെയും ജയശങ്കർ വിമർശിച്ചത്. റാലിയിൽ കൊച്ചുകുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെയും ജയശങ്കർ വിമർശിച്ചിരുന്നു.
ഇത് കേട്ടാൽ ഞങ്ങൾ ആരും പേടിക്കില്ല. നിങ്ങളുടെ ചില ആരാധകൻമാർക്ക് രോമാഞ്ചം ഉണ്ടാകും. മര്യാദയ്‌ക്ക് ജീവിച്ചാൽ നമുക്ക് എല്ലാവർക്കും കൊളളാം. ഇല്ലെങ്കിൽ തടിയന്റവിട നസീറിന്റെയോ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെയും അഫ്‌സൽ ഗുരുവിന്റെയും അജ്മൽ കസബിന്റെയുമൊക്കെ അവസ്ഥ ഉണ്ടാകുമെന്ന് ആയിരുന്നു ജയശങ്കറിന്റെ വാക്കുകൾ. പോപ്പുലർ ഫ്രണ്ടുകാരോടും ആ കുട്ടിയുടെ മാതാപിതാക്കളോടും പറയാനുളളത് മര്യാദയ്‌ക്ക് ജീവിച്ചോ എന്ന മുന്നറിയിപ്പ് മാത്രമാണെന്നും മര്യാദയ്‌ക്ക് ജീവിച്ചില്ലേൽ സിറിയയിൽ പോയി പൊട്ടിത്തെറിക്കേണ്ടി വരുമെന്നും ജയശങ്കർ പറഞ്ഞു.
















Comments