മുംബൈ: അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ വേണ്ടത് 16 റൺസ്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ഓവറിൽ മൂന്ന് കൂറ്റൻ സിക്‌സറുകൾ ഗ്യാലറിയിലേക്കേ് പായിച്ച് ഡോവിഡ് മില്ലർ കളി തീർത്തു. ആദ്യമായി ഐപിഎൽ കളിക്കാനെത്തിയ ഗുജറാത്ത് ടൈറ്റൻസ് 7 വിക്കറ്റ് ജയത്തോടെ ഫൈനലിൽ. കളി തോറ്റുവെങ്കിലും ഫൈനലിൽ എത്താൻ രാജസ്ഥാൻ റോയൽസിന് ഒരു അവസരം കൂടിയുണ്ട്.
ടോസ് നേടിയ ഗുജറാത്ത് എതിർ ടീമിനെ ബാറ്റിങ്ങിനയച്ചു. ബാറ്റിങ് തുടങ്ങിയ റോയൽസിന് തുടക്കം തന്നെ തിരിച്ചടിയേറ്റു. യാഷാസ്വി ജെയ്‌സ്വാൾ(3) ആണ് ആദ്യം പുറത്തായത്. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ, ജോസ് ബട്ട്‌ലർ എന്നിവർ ചേർന്ന് 68 റൺസ് നേടി. ജോസ് ബട്ട്‌ലറുടെ ഉജ്വല ബാറ്റിങ്ങാണ് രാജസ്ഥാന് തുണയായത്.
ആദ്യം മെല്ലെപ്പോക്കിലൂടെ ബാറ്റിങ് ആരംഭിച്ച ബട്ട്‌ലർ അവസാന ഓവറുകളിൽ ആഞ്ഞടിച്ചാണ് ടീമിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്. 56 പന്തുകളിൽ നിന്ന് അദ്ദേഹം 89 റൺസെടുത്താണ് പുറത്തായത്. ബട്ട്‌ലർ 12 ഫോറും രണ്ട് സിക്‌സറുകളും നേടി ഇന്നിങ്‌സ് കുറ്റമറ്റതാക്കി. 26 പന്തുകളിൽ നിന്ന് സഞ്ജു 47 റൺസ് നേടി. മൂന്ന് സിക്‌സറുകളും അഞ്ച് ബൗണ്ടറിയുമാണ് സഞ്ജു വേഗത്തിൽ അടിച്ചു കൂട്ടിയത്. മലയാളി താരം ദേവ്ദത്ത് പടിക്കല(28)ാണ് മറ്റൊരു പ്രധാന സ്‌കോറർ. പടിക്കൽ രണ്ട് വീതം സിക്‌സറുകളും ബൗണ്ടറിയും നേടി. നിശ്ചിത ഓവറിൽ 6 വിക്കറ്റിന് 188 ആയിരുന്നു രാജസ്ഥാൻ റോയൽസിന്റെ സ്‌കോർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് രണ്ടാമത്തെ പന്തിൽ തന്നെ ആദ്യ വിക്കറ്റ് വീണു. വൃദ്ധിമാൻ സാഹ(0) ആണ് പുറത്തായത്. രണ്ടാം വിക്കറ്റിൽ മാത്യുവെയ്ഡും ശുഭ്മാൻ ഗില്ലും ചേർന്ന് കരകയറ്റി. ഇരുവരും ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ശുഭ്മാൻ ഗിൽ(35) നന്നായി ബാറ്റ് ചെയ്യുന്നതിനിടെ റണ്ണൗട്ടാവുകയായിരുന്നു. അധികം വൈകും മുമ്പേ വെയ്ഡ്(35) പുറത്തായി. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ഡേവിഡ് മില്ലറും ഒത്തു ചേർന്നപ്പോൾ കാര്യങ്ങൾ ഗുജറാത്തിന് എളുപ്പമായി. ഇരുവരും ചേർന്നുളള അപരാജിത കൂട്ടുകെട്ടിൽ 106 റൺസ് പിറന്നു. ഡേവിഡ് മില്ലർ(68) റൺസ് നേടിയത് 38 പന്തുകളിൽ നിന്നായിരുന്നു. ദക്ഷിണാഫ്രിക്കൻ താരം 5 സിക്‌സറുകളും 3 ബൗണ്ടടറിയും അടിച്ചാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പാണ്ഡ്യ(40) റൺസുമായി മില്ലർക്കൊപ്പം അവസാനം വരെ ക്രീസിൽ നിലയുറപ്പിച്ചു.
Comments