പാട്യാല : കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവും പഞ്ചാബിലെ മുൻ പാർട്ടി അദ്ധ്യക്ഷനുമായ നവജ്യോത് സിംഗ് സിദ്ധു ഇനി പാട്യാല ജയിലിലെ ക്ലാർക്ക്. മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷം ജോലിയിൽ പ്രവേശിക്കും. കോടതി വിധികൾ സംഗ്രഹിച്ച് എഴുതുന്നതും റെക്കോർഡ് ചെയ്യുന്നതുമാവും സിദ്ധുവിന്റെ ജോലി. ദിവസം 90 രൂപ വേതനം ലഭിക്കും.
പാട്യാല ജയിലിൽ കഴിയുന്ന സിദ്ധുവിന് പരിശീലന കാലയളവിൽ വേതനം ലഭിക്കില്ല. മൂന്ന് മാസം പൂർത്തിയാക്കിയാൽ ജോലിയിലെ കാര്യക്ഷമതയെ അടിസ്ഥാനമാക്കി 40 മുതൽ 90 രൂപ വരെ വേതനം കിട്ടും.
സിദ്ധുവിന് ബാരക്കിൽ നിന്ന് പുറത്തിറങ്ങാൻ അനുമതിയില്ല. ഉയർന്ന പശ്ചാത്തലമുള്ള രാഷ്‌ട്രീയ നേതാവ് ആയതിനാൽ സിദ്ദു സ്വന്തം ബാരക്കിനുള്ളിലിരുന്ന് ജോലി ചെയ്താൽ മതിയാകും. ഇതിനായി ചെയ്തു തീർക്കേണ്ട ഫയലുകൾ അധികൃതർ ബാരക്കിൽ എത്തിച്ചുകൊടുക്കും.
1988 ൽ പട്യാലയിൽ വെച്ച് പാർക്കിംഗുമായി ബന്ധപ്പെട്ട് നടന്ന വാക്കേറ്റത്തിനും അടിപിടിക്കുമൊടുവിൽ ഗുർണാം സിംഗ് എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് സുപ്രീം കോടതി സിദ്ധുവിനെ ഒരു വർഷത്തേക്ക് തടവ് ശിക്ഷക്ക് വിധിച്ചത്. വാക്കേറ്റത്തിനൊടുവിൽ ഗുർണാം സിംഗിന്റെ തലയ്‌ക്ക് സിദ്ധു അടിച്ചതാണ് മരണത്തിന് കാരണമായത് എന്ന് സുപ്രീം കോടതി കണ്ടെത്തുകയായിരുന്നു.
















Comments