40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ ഭ്രൂണം കണ്ടെത്തി. ബീഹാറിലെ മോത്തിഹാരി ഗ്രാമത്തിലാണ് സംഭവം. 40 ദിവസം മാത്രം പ്രായമായ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. പത്ത് ലക്ഷം പേരിൽ അഞ്ച് പേർക്ക് മാത്രം വരുന്ന ഒരു അവസ്ഥയാണിതെന്ന് ഡോക്ടർമാർ പറയുന്നു.
മോത്തിഹാരിയിലെ റെഹ്മാനിയ മെഡിക്കൽ സെന്ററിലാണ് വയറ് വേദനയെ തുടർന്ന് കുഞ്ഞിനെ പ്രവേശിപ്പിച്ചത്. വയറ് വീർത്തിരുന്നതിനാൽ കുഞ്ഞിന് മൂത്രമൊഴിക്കാൻ പ്രയാസമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പരിശോധന നടത്താൻ വേണ്ടിയാണ് ആശുപത്രിയിൽ എത്തിച്ചത്. നിരവധി പരിശോധനകളും നടത്തി. എന്നാൽ പരിശോധനാഫലം കണ്ട് ഡോക്ടർമാർ അത്ഭുതപ്പെട്ടുപോയി.
അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ ഒരു കുഞ്ഞ് വളരുന്നതിനിടെ ആ കുഞ്ഞിന്റെ വയറ്റിനുള്ള ഭ്രൂണം വികസിക്കുന്ന ഒരു അപൂർവ അവസ്ഥയായിരുന്നു അത്. ‘ഫീറ്റസ് ഇൻ ഫ്യൂ’ എന്നാണ് ഇതിനെ വിളിക്കുന്നത്. ഉടനടി ചികിത്സിച്ചില്ലെങ്കിൽ കുഞ്ഞിന്റെ അവസ്ഥ വഷളാകുമെന്ന് മനസിലായതോടെ ശസ്ത്രക്രിയ നടത്തി ഭ്രൂണം പുറത്തെടുക്കുകയായിരുന്നു. ഓപ്പറേഷന് ശേഷം കുട്ടി സുഖം പ്രാപിക്കുന്നുവെന്ന് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ അവസ്ഥ ആര്ക്കും സംഭവിക്കാം. അത് തികച്ചും യാദൃശ്ചികമാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ അവസ്ഥ ആദ്യമായി കണ്ടെത്തിയത്.
Comments