ന്യൂഡൽഹി: വിമാനയാത്രയ്‌ക്കിടെ ഹൃദയാഘാതം സംഭവിച്ച യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് ജീവനക്കാർ. മുംബൈ ആസ്ഥാനമായുള്ള ഗോ ഫസ്റ്റ് ജി 8-057 വിമാനത്തിലാണ് സംഭവം നടന്നത്. എയർലൈൻ ട്വിറ്ററിലൂടെ ജീവനക്കാരുടെ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഈ കഴിഞ്ഞ മെയ് എട്ടിന് വിമാനത്തിലെ യാത്രക്കാരനായിരുന്ന യുനൂസ് രായനോർത്തിനാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ വിമാനത്തിലെ നാല് ജീവനക്കാർ സമയോചിതമായി ഇടപെടുകയായിരുന്നു. രോഗിയ്‌ക്ക് ധൈര്യം നൽകിയതിനോടൊപ്പം സഹയാത്രികരെ ശാന്തരാക്കാനും വിമാനത്തിൽ ഡോക്ടറുണ്ടോയെന്ന് കണ്ടെത്താനുമായിരുന്നു ജീവനക്കാരുടെ ആദ്യ ശ്രമം.
അന്വേഷണത്തിൽ വിമാനത്തിൽ ഡോക്ടറുണ്ടെന്ന് കണ്ടെത്തുകയും സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. ഉടൻ തന്നെ ഡോക്ടർ ഷബർ അഹമ്മദ് യുനൂസിന് വേണ്ട പ്രാഥമിക ചികിത്സ നൽകുകയും ജീവൻ രക്ഷിക്കുകയുമായിരുന്നുവെന്ന് എയർലൈൻസ് വ്യക്തമാക്കുന്നു. സമയോചിതമായി ഇടപെട്ട ക്രൂ അംഗങ്ങളായ അഭിഷേക്,ശിൽപ,സുമീത്, എന്നിവരെ കമ്പനി അഭിനന്ദിക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
കമ്പനി സിഇഒ കൗശിക് ഖോന വീഡിയോ കോൺഫറൻസിലൂടെ ജീവനക്കാരെ അഭിനന്ദിച്ചിരുന്നു. യൂ കം ഫസ്റ്റ് എന്നതിന്റെ മികച്ച മാതൃക പ്രോത്സാഹിപ്പിക്കാനുള്ള മനോഹരമായ മാർഗം എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.യൂനുസ് രായനോർത്തിനും ഡോക്ടർ ഷബർ അഹമ്മദിനും കമ്പനി സൗജന്യ കോപ്ലിമെന്ററി ടിക്കറ്റ് നൽകിയെന്നാണ് വിവരം.
















Comments