ന്യൂഡൽഹി: ഭിന്നശേഷിക്കാരനായ കുട്ടിക്കും കുടുംബത്തിനും വിമാനയാത്രയ്‌ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ ഇൻഡിഗോ എയർലൈന് 5 ലക്ഷം രൂപ പിഴയിട്ട് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ. സംഭവത്തിൽ അന്വേഷണം നടത്തുകയും ഇൻഡിഗോ എയർലൈന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നതായി ഡിജിസിഎ വാർത്താക്കുറിപ്പിൽ പറഞ്ഞു.
വിഷയം ഇൻഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫുകൾ കൈകാര്യം ചെയ്തത് ശരിയായ രീതിയിൽ ആയിരുന്നില്ലെന്ന് ഡിജിസിഎ കണ്ടെത്തി. ഇത്തരം സാഹചര്യത്തിൽ അവസരത്തിന് ഒത്ത് ഉയരണമായിരുന്നു. എന്നാൽ അതിന് ജീവനക്കാർക്ക് സാധിച്ചില്ലെന്ന് ഡിജിസിഎ വിലയിരുത്തി. തുടർന്നാണ് പിഴയീടാക്കാൻ തീരുമാനിച്ചത്. മെയ് 7 നായിരുന്നു റാഞ്ചി വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻ ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്രാനുമതി നിഷേധിച്ചത്.
കുട്ടി പരിഭ്രാന്തിയിലായതിനാൽ വിമാനയാത്ര അനുവദിക്കാനാകില്ലെന്നും മറ്റ് യാത്രക്കാരുടെ സുരക്ഷ പ്രധാനമാണെന്നുമായിരുന്നു നിലപാട്. സഹയാത്രികയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സംഭവം പുറത്തുവിട്ടത്. പ്രത്യേക പരിഗണന നൽകേണ്ട ദിവ്യാംഗനായ കുട്ടിക്ക് യാത്രാനുമതി നിഷേധിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ഇൻഡിഗോ പിന്നീട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
















Comments