കൊച്ചി: ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തിൽ കുന്തിരിക്ക സമ്മേളനം സംഘടിപ്പിച്ച് ന്യൂനപക്ഷ മോർച്ച. എറണാകുളം പാലാരിവട്ടത്ത് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ തീവ്രവാദം ഇല്ലാതാകണമെങ്കിൽ കമ്യൂണിസ്റ്റുകാരെയും കോൺഗ്രസുകാരെയും പരാജയപ്പെടുത്തണമെന്ന് ജോർജ് കുര്യൻ പറഞ്ഞു. ഒരു മതവും ഭീകരതയെ പിന്തുണയ്‌ക്കുന്നില്ല മതത്തിന്റെ പേരിൽ ഭീകരവാദികളെ പിന്തുണച്ചാൽ തൽക്കാലിക ഗുണമുണ്ടാകും പക്ഷെ ആത്യന്തികമായ പതനത്തിനേ അത് കാരണമാകൂവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കുന്തിരിക്കത്തിന്റെയും അരിയുടെയും മലരിന്റെയും പേരിൽ മുദ്രാവാക്യം വിളിക്കുന്നുവെങ്കിൽ അവരെ സഹായിക്കുന്നവരെയാണ് എതിർക്കേണ്ടത്. അവർ വെറുക്കപ്പെട്ടവരാണെന്നും സമൂഹത്തിൽ നിന്ന് ഒളിച്ചോടുന്നവരാണെന്നും ഭീരുക്കളാണെന്നും അദ്ദേഹം പറഞ്ഞു. പരാജിതന്റെ ആർത്തനാദമാണ് ഇത്തരം മുദ്രാവാക്യങ്ങളെന്നും ജോർജ്് കുര്യൻ ചൂണ്ടിക്കാട്ടി.
കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന് പറഞ്ഞപ്പോൾ കഴിയില്ലെന്ന് പറഞ്ഞു. ഇന്ന് അതേക്കുറിച്ച് മിണ്ടുന്നില്ല. മുത്വലാഖ് നിരോധിക്കുമെന്ന് പറഞ്ഞപ്പോഴും ആക്ഷേപിച്ചു. പക്ഷെ ഇന്ന് അതിലും മിണ്ടുന്നില്ല കശ്മീരിൽ ഈ ഭീകരവാദികളെ അടിച്ചൊതുക്കിയതുപോലെ ഇവിടെയും നടപ്പിലാക്കുമെന്നും ജനങ്ങൾ അതിൽ ബിജെപിക്ക് ഒപ്പം നിൽക്കുമെന്നും ജോർജ്ജ് കുര്യൻ പറഞ്ഞു.
ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ ജിജി ജോസഫ്, ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു തുടങ്ങിയവരും പങ്കെടുത്തു.
















Comments