ന്യൂഡൽഹി: ഇന്ത്യയുടെ വാക്‌സിനേഷൻ യജ്ഞത്തെ പ്രകീർത്തിച്ച് ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സ്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വേളയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിൽ രാജ്യം സ്വീകരിച്ച നടപടികളും സാങ്കേതികവിദ്യകളുടെ ഉപയോഗവും മികച്ചതാണെന്നും അക്കാര്യത്തിൽ ഇന്ത്യ വിജയിച്ചുവെന്നും ബിൽ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു.
”ഡോ. മൻസൂഖ് മാണ്ഡവ്യയെ കാണാനും ആഗോള ആരോഗ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. പ്രതിരോധ കുത്തിവെയ്പ്പിലൂടെ ഇന്ത്യ കൈവരിച്ച നേട്ടവും ആരോഗ്യ മേഖലയിലുള്ള സാങ്കേതികവിദ്യയുടെ ഉപയോഗവും ലോകരാജ്യങ്ങൾക്ക് പാഠമാണ്’ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ ബിൽ ഗേറ്റ്‌സ് ട്വീറ്റ് ചെയ്തു.
കേന്ദ്ര ആരോഗ്യമന്ത്രിയുടെ ട്വീറ്റിന് താഴെ കമന്റായിട്ടായിരുന്നു ബിൽഗേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. ‘ ബിൽ ഗേറ്റ്‌സുമായുള്ള കൂടിക്കാഴ്ചക്കിടെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു. ഡിജിറ്റൽ ഹെൽത്ത്, ഡിസീസ് കൺട്രോൾ മാനേജ്‌മെന്റ്, ഗുണമേൻമയുള്ളതും താങ്ങാവുന്നതുമായ ആരോഗ്യ സേവനങ്ങളും മെഡിക്കൽ ഉപകരണങ്ങളും വികസിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടന്നു’ ഇതായിരുന്നു കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. ഇതിന് കീഴെയാണ് ബിൽ ഗേറ്റ്‌സ് പ്രതികരിച്ചത്.
We discussed a wide range of subjects relating to healthcare including the promotion of digital health, disease control management, creation of mRNA regional hubs, and strengthening the development of affordable and quality diagnostics & medical devices, etc.
— Dr Mansukh Mandaviya (@mansukhmandviya) May 25, 2022
അതേസമയം ഇന്ത്യയിലെ വാക്‌സിനേഷൻ വിതരണം 193.13 കോടി ഡോസുകൾ കവിഞ്ഞു. കൗമാരക്കാരായവർക്കുള്ള ആദ്യ ഡോസ് വാക്‌സിനേഷനും പ്രായപൂർത്തിയായവർക്കുള്ള ബൂസ്റ്റർ ഡോസ് കുത്തിവെയ്പ്പും രാജ്യത്ത് പുരോഗമിക്കുകയാണ്. നിലവിൽ 16,308 പേരാണ് കൊറോണ ബാധിതരായി ചികിത്സയിലുള്ളത്. 0.60 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
Comments