തൃക്കാക്കര: തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന് വേണ്ടിയുളള പ്രചാരണത്തിൽ സജീവമായി പി.സി ജോർജ്. രാവിലെ വാർത്താസമ്മേളനത്തിന് പിന്നാലെ സ്ഥാനാർത്ഥിക്കൊപ്പമുളള റോഡ് ഷോയിലും പി.സി ജോർജ് പങ്കെടുത്തു.
സ്ഥാനാർത്ഥിയുടെ വാഹനത്തിൽ മുതിർന്ന ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനും പി.കെ കൃഷ്ണദാസിനും ഒപ്പമാണ് പി.സി ജോർജും റോഡ് ഷോയിൽ പങ്കെടുത്തത്. രാവിലെ കാക്കനാട് സിവിൽ സ്റ്റേഷനിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്.
രാവിലെ തൃക്കാക്കരയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇടത് – വലത് മുന്നണികൾക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ശക്തമായ വിമർശനങ്ങൾ പി.സി ജോർജ്ജ് ഉന്നയിച്ചിരുന്നു. അഭിമന്യുവിനെ കൊന്നവരുടെ തോളിൽ കൈയ്യിട്ട് നടക്കുന്ന മുഖ്യമന്ത്രിയാണ് തന്നെ വർഗീയവാദിയെന്ന് വിളിക്കുന്നതെന്നായിരുന്നു പി.സി ജോർജിന്റെ വാക്കുകൾ.
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിക്കുന്ന കേസിൽ പി.സി ജോർജിന്റെ ജാമ്യം റദ്ദ് ചെയ്ത് കഴിഞ്ഞ ദിവസം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം ജയിലിൽ നിന്നിറങ്ങിയപ്പോഴാണ് തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ ഇത് തടയാൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ നോട്ടീസ് നൽകിയെങ്കിലും പി.സി ജോർജ് അസൗകര്യം അറിയിക്കുകയും മറ്റൊരു ദിവസത്തേക്ക് ഹാജരാകാൻ അനുമതി തേടുകയുമായിരുന്നു.
Comments