ലക്‌നൗ : കാശി വിശ്വനാഥ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ജ്ഞാൻവാപി മസ്ജിദിൽ നിന്നുള്ള നിർണായക ദൃശ്യങ്ങൾ പുറത്ത്. ക്ഷേത്രത്തിലേതിന് സമാനമായ കൊത്തുപണികളാണ് മസ്ജിദിൽ കണ്ടെത്തിയത്. തൃശ്ശൂലവും മറ്റ് ശിൽപ്പങ്ങളുമാണ് ഇവിടെ കൊത്തിവെച്ചിരിക്കുന്നത്. ദേശീയ മാദ്ധ്യമമായ ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
കോടതി നിർദ്ദേശപ്രകാരം ജ്ഞാൻവാപി മസ്ജിദിൽ ഒരു സംഘം അധികൃതർ ചേർന്ന് വീഡിയോ സർവ്വേ നടത്തിയിരുന്നു. ഈ വീഡിയോ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് എന്നാണ് വിവരം. പുരാതന കാലത്ത് ഇവിടെ സ്ഥിതി ചെയ്തിരുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭാഗങ്ങളാകാം ഇത് എന്നാണ് നിഗമനം.
മസ്ജിദിലുള്ള ശിവലിംഗത്തിന്റെ വ്യക്തമായ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രദേശം കഴുകി വൃത്തിയാക്കി ശിവലിംഗത്തിന്റെ മുകൾ ഭാഗം കൃത്യമായി തെളിയുന്ന ദൃശ്യങ്ങളാണിത്. മസ്ജിദിന്റെ ചുവരിൽ പല ഇടങ്ങളിലായി ഹൈന്ദവ ചിഹ്നങ്ങളും കാണാം.
ഈ വീഡിയോ പുറത്തുവിടുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നെങ്കിലും മസ്ജിദ് കമ്മിറ്റി അതിനെ എതിർത്തിരുന്നു. സർവ്വേ നടത്താൻ ആദ്യ ഘട്ടം മുതൽ തന്നെ മസ്ജിദ് കമ്മിറ്റിയിൽ നിന്ന് എതിർപ്പുണ്ടായിരുന്നു. മസ്ജിദിൽ കയറാനെത്തിയ ഉദ്യോഗസ്ഥരെ ഇവർ തടയുകയുമുണ്ടായി. എന്നാൽ ഈ പ്രതിഷേധം വകവെയ്‌ക്കാതെയാണ് സർവ്വേ നടത്തിയത്. അതേസമയം ജ്ഞാൻവാപി കേസ് പരിഗണിക്കുന്നത് ജൂലൈ 4 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. അന്ന് മുസ്ലീം ഭാഗത്തിന്റെ വാദം കേൾക്കും.
Comments