കൊച്ചി : തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ പ്രീ പോൾ സർവ്വേകൾ നടത്തിയതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് ഇത്തരം സർവ്വേകൾ നടത്തരുതെന്ന് ചീഫ് ഇലക്ട്രൽ ഓഫീസറുടെ കർശന മുന്നറിയിപ്പുണ്ടായിരുന്നു. ഇത് മറികടന്നാണ് വാട്‌സ്ആപ്പിലൂടെ സർവ്വേനടത്തിയത്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വിവരങ്ങൾ പോലീസിന് കൈമാറിയതായും എറണാകുളം കളക്ടർ അറിയിച്ചു.
”തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രീ പോൾ സർവ്വേകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിരോധനം ഏർപ്പെടുത്തിയ വിവരം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് വാട്‌സാപ്പ് തുടങ്ങിയ മാർഗങ്ങളിലൂടെ സർവ്വേ നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പോലീസിന് ഇതു സംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്” കളക്ടർ വ്യക്തമാക്കി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സർവ്വേ, മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് സർവ്വേ ഉൾപ്പെടെയുള്ള യാതൊരു തിരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്ട്രോണിക് മീഡിയയിലൂടെ പങ്കുവെയ്‌ക്കരുതെന്നാണ് നിർദ്ദേശം. 29ന് വൈകുന്നേരം ആറ് മണി മുതൽ 31ന് വൈകുന്നേരം ആറ് മണി വരെ ഇത് പ്രദർശിപ്പിക്കുന്നതും നിരോധിച്ചിരുന്നു.
Comments