ന്യൂഡൽഹി: സ്ത്രീയ്‌ക്ക് സ്വന്തം വീട്ടിലും ഭർതൃഗൃഹത്തിലും ഒരേപോലെ അവകാശമുണ്ടെന്നും അവരെ അവിടെ നിന്ന് പുറത്താക്കാനാകില്ലെന്നും സുപ്രീംകോടതി. സ്ത്രീയുടെ സാന്നിധ്യം മുതിർന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ കോടതിയ്‌ക്ക് ഈ കാര്യത്തിൽ ഉപാധികൾ വെയ്‌ക്കാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഭർതൃഗൃഹങ്ങളിൽ നിന്ന് പുറത്താക്കുന്നത് കുടുംബ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഭർതൃഗൃഹത്തിൽ തനിക്കും ഭർത്താവിനും താമസം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്‌ട്ര സ്വദേശിനി നൽകിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബിവി നാഗരത്ന എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.ജൂൺ രണ്ടിന് ഹരജി പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. അന്നേദിവസം പരാതിക്കാരിയുടെ ഭർതൃവീട്ടുകാരോട് വീഡിയോ കോൺഫറൻസിങ് വഴി ആശയവിനിമയം നടത്താൻ സംവിധാനം ഒരുക്കണമെന്ന് രജിസ്ട്രാർക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
മുതിർന്ന പൗരന്മാരുടെ അവകാശസംരക്ഷണ നിയമപ്രകാരം മകനെയും മരുമകളെയും വീട്ടിൽനിന്ന്് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭർതൃപിതാവാണ് ആദ്യം ട്രിബ്യൂണലിനെ സമീപിച്ചത്. ഇതിന് പിന്നാലെ ദമ്പതിമാരോട് വീട്ടിൽ നിന്ന് മാറണമെന്നും 25,000 രൂപ പ്രതിമാസം ജീവനാംശമായി പരാതിക്കാരന് നൽകണമെന്നും ട്രിബ്യൂണൽ ഉത്തരവിട്ടു.ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല.തുടർന്നാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും മാതാപിതാക്കൾ അല്ലെങ്കിൽ ഭർത്തൃമാതാപിതാക്കൾ എന്നിവരുമായി പങ്കിട്ട് കുടുംബജീവിതം നയിക്കുന്നവരാണ്. പലരും വിദ്യാസമ്പന്നരോ സ്വന്തമായി വരുമാനമുള്ളവരോ ആയിരിക്കില്ല. അവരെ വീട്ടിൽ നിന്ന് പുറത്താക്കാൻ ആർക്കും അവകാശമില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. 79 പേജുള്ളതാണ് വിധിന്യായം.
















Comments