ന്യൂഡൽഹി: ഇഡി അറസ്റ്റ് ചെയ്തിരിക്കുന്ന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനായി കേജ്രിവാളിന്റെ വാദങ്ങൾ വെറും ബാലിശമെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷം മാത്രമാണ് എൻഫോഴ്‌സ്‌മെന്റ് ഒരാളെ അറസ്റ്റ് ചെയ്യുന്നത്. ഡൽഹി ആരോഗ്യമന്ത്രിയെ യാതൊരു അടിസ്ഥാനവുമില്ലാതെ അറസ്റ്റ് ചെയ്തുവെന്ന കേജ്രിവാളിന്റെ വാദത്തെയാണ് ഇറാനി പരിഹസിച്ചത്.
കള്ളപ്പണക്കേസിലാണ് ആരോഗ്യമന്ത്രിയായ സത്യേന്ദ്ര ജയിനിനെ അറസ്റ്റ് ചെയ്തത്. ഈ മാസം 9-ാം തിയതി വരെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. തന്റെ സഹപ്രവർത്തകനും മികച്ച മന്ത്രിയുമാണ് സത്യേന്ദ്ര ജയിൻ. തികഞ്ഞ ദേശഭക്തനാണ്. ഇഡിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ കള്ളക്കേസുകളാണ് ചുമത്തുന്നതെന്നും കേജ്രിവാൾ ആരോപിച്ചു. ഇതിന് മറുപടിയുമായിട്ടാണ് സ്മൃതി ഇറാനി രംഗത്തെത്തിയത്.
‘കേജ്രിവാൾ ന്യായാധിപനാകാൻ ശ്രമിക്കുകയാണ്. ഏതാനും ചോദ്യങ്ങളാണ് തനിക്ക് കേജ്രിവാളിനോട് ചോദിക്കാനുള്ളത്. 56 കള്ളക്കമ്പനികളുടെ പേരിൽ സത്യേന്ദ്ര ജയിൻ 16.39 കോടിയാണ് കള്ളപ്പണമായി ഉണ്ടാക്കിയതെന്നാണ് കണ്ടെത്തൽ. ഒന്നും രണ്ടും കമ്പനികളല്ല ഉണ്ടാക്കിയത്. 2010 മുതൽ 2016 വരെയുള്ള കാലയളവിൽ കൊൽക്കത്ത കേന്ദ്രമാക്കിയുള്ള ഹവാല മാഫിയകളാണ് സഹായിച്ചത്.’ സ്മൃതി ഇറാനി ചോദിച്ചു.
അതിശക്തമായ തെളിവുകളാണ് ഇഡിയുടെ കൈവശമുള്ളത്. ഡൽഹിയിൽ പലയിടത്തും അനധികൃത കോളനികളെ സർക്കാർ രേഖകൾ അതിവേഗം ശരിയാക്കി വിട്ടുനിൽകിയതിന് പിന്നിൽ സത്യേന്ദ്രജയിനിന്റെ ഭൂമാഫിയ തട്ടിപ്പാണെന്നും സ്മൃതി ഇറാനി പറഞ്ഞു. സത്യേന്ദ്ര ജയിൻ ചോദ്യം ചെയ്യലിൽ ഇനി എന്തൊക്കെ നിഷേധിച്ചാലും നിരവധി പേരാണ് ഈ കള്ളപ്പണത്തിന്റെ ഗുണഭോക്താക്കളായിട്ടുള്ളതെന്നും ഇഡി കണ്ടെത്തിക്കഴിഞ്ഞു. അഴിമതി രഹിതമാണ് തങ്ങളെന്ന് ആവർത്തിക്കുന്ന ആംആദ്മിക്ക് പഞ്ചാബിലെ മന്ത്രിക്ക് പിന്നാലെയാണ് ഡൽഹിയിലെ മന്ത്രിയേയും പ്രതിക്കൂട്ടിൽ നിർത്തേണ്ടിവരുന്നതെന്നത് ഡൽഹി ഭരണകൂടത്തിന് തന്നെ നാണക്കേടാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
















Comments