മുംബൈ: പ്രശസ്ത ബോളിവുഡ് പിന്നണി ഗായകനും മലയാളിയുമായ കെ.കെയുടെ (കൃഷ്ണകുമാർ കുന്നത്ത്) മരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്. പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം നടന്നത്.
അതേസമയം കെകെയുടെ മൃതദേഹം കൊൽക്കത്തയിൽ നിന്നും മുംബൈയിലെ വസതിയിലെത്തിച്ചു. നാളെ രാവിലെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. മുക്തിദാൻ ശ്മശാനത്തിൽ രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് സംസ്‌കാരം.
കൊൽക്കത്തയിലെ ഗുരുദാസ് കോളേജ് ഫെസ്റ്റിലെ സംഗീത പരിപാടിക്കിടെയായിരുന്നു ഗായകൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്. തുടർന്ന് ഹോട്ടലിലേക്ക് മടങ്ങുകയും അവിടെവെച്ച് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇതോടെ അസ്വഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു കൊൽക്കത്ത ന്യൂ മാർക്കറ്റ് പോലീസ്.
സംഗീതപരിപാടിക്കിടെ ഗായകൻ വളരെയധികം അസ്വസ്ഥനായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പരിപാടി സംഘടിപ്പിച്ചവർക്കെതിരെ വലിയ വിമർശനമായിരുന്നു ഉയർന്നത്. പരിപാടി നടക്കുന്ന വേദിയിലെ ചൂടിനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചും കെകെ സംഘാടകരോട് പരാതി പറഞ്ഞതായും വിവരമുണ്ട്.
















Comments