കോഴിക്കോട്: കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. കെ.സി. രമേശനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട രോഗി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
ആശുപത്രിയിലെ തുടർച്ചയായുണ്ടാകുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് ശുപാർശ ചെയ്തിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ശുചിമുറിയിലെ ഭിത്തി സ്പൂൺ ഉപയോഗിച്ച് തുരന്ന് റിമാൻഡ് പ്രതി രക്ഷപ്പെട്ടത്. ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ യുവാവ് അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു.യുവാവ് രക്ഷപ്പെടുന്നതിന് മുൻപും സമാനമായ രീതിയിൽ അന്തേവാസികൾ കുതിരവട്ടത്ത് നിന്ന് രക്ഷപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു.
















Comments