ലക്‌നൗ: പൃഥ്വിരാജ് ചൗഹാനായി ബോളിവുഡ് സൂപ്പർതാരം അക്ഷയ്കുമാർ അഭിനയിക്കുന്ന ചരിത്ര സിനിമ ‘സാമ്രാട്ട് പൃഥ്വിരാജ്’ നാളെ തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ റിലീസിന് മുമ്പായി സംഘടിപ്പിച്ച പ്രത്യേക പ്രദർശനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുകയും ചിത്രം കണ്ട ഷാ സിനിമയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചിത്രം കണ്ടിരിക്കുകയാണ്. ഇതോടെ നാളെ റിലീസിനെത്തുന്ന സാമ്രാട്ട് പൃഥ്വിരാജിന്റെ പ്രദർശനം യുപിയിൽ നികുതി രഹിതമായിരിക്കുമെന്ന് യോഗി പ്രഖ്യാപിച്ചു. ലക്‌നൗവിൽ നടന്ന പ്രത്യേക സിനിമ പ്രദർശനത്തിന് പിന്നാലെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരം ചിത്രീകരിച്ചതിന് സിനിമയുടെ അണിയറ പ്രവർത്തകരെയും യോഗി അഭിനന്ദിച്ചു. ഇന്ത്യയുടെ ചരിത്രം വളരെ മനോഹരമായി അക്ഷയ് കുമാർ തന്റെ സിനിമയിൽ കാണിച്ചിരിക്കുന്നു. അതിനാലാണ് ‘സാമ്രാട്ട് പൃഥ്വിരാജ്’ ടീമിനെ അഭിനന്ദിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി പ്രതികരിച്ചു.
ചിത്രത്തിൽ പൃഥ്വിരാജ് ചൗഹാനായി അക്ഷയ് കുമാർ എത്തുമ്പോൾ രാജകുമാരി സൻയോഗിതയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് ലോകസുന്ദരി മാനുഷി ചില്ലറാണ്. ഹിന്ദിയിൽ ഒരുക്കിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും പുറത്തിറങ്ങുന്നുണ്ട്. ഇന്ത്യയിലൊട്ടാകെ ജൂൺ മൂന്നിനാണ് സാമ്രാട്ട് പൃഥ്വിരാജിന്റെ റിലീസ്.
Comments