തിരുവനന്തപുരം: സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും. വിഴിഞ്ഞം വെങ്ങാനൂർ ഉച്ചക്കട എൽഎംഎസ് എൽപി സ്‌കൂളിലെ 25 ഓളം കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റന്നാണ് സംശയം.
അഞ്ചുദിവസം സ്‌കൂൾ അടച്ചിടാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശിച്ചു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ആഫീസർ ഡാേ. ജവഹർ, ഹെൽത്ത് ഇൻസ്‌പെക്ടർ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസം സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചെത്തിയ കുട്ടികൾക്ക് രാത്രിയോടെയാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് കുട്ടികൾ ഇപ്പോഴും ചികിത്സയിലാണെന്നും മറ്റുളളവരെ വീടുകളിലേക്ക് തിരികെ വിട്ടതായും അധികൃതർ വ്യക്തമാക്കി.
അതേസമയം സ്‌കൂളിൽ നിന്ന് ഭക്ഷണം കഴിച്ചവരും അല്ലാത്തവരുമായ കുട്ടികൾക്കും പനിയും ഛർദിയും വയറിളക്കവുമുൾപ്പടെ അസ്വസ്ഥകളുണ്ടായിരുന്നവെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് വൈ.എസ്. സജി പറഞ്ഞു. കുട്ടികളിലുണ്ടായത് വൈറസ് ബാധ ആണെന്ന് സംശയമുള്ളതായി ബാലരാമപുരം എ.ഇ.ഒ ലീനയും വ്യക്തമാക്കി.
നാന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ് വിഴിഞ്ഞം വെങ്ങാനൂർ ഉച്ചക്കട എൽഎംഎസ് എൽപി സ്‌കൂൾ. കൂടുതൽ കുട്ടികളിലേക്ക് വൈറൽ പനി പടരാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലക്കാണ് സ്‌കൂൾ താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
Comments