തിരുവനന്തപുരം : കേരളത്തിൽ ആശങ്കയുയർത്തിക്കൊണ്ട് കൊറോണ വ്യാപനത്തിൽ വീണ്ടും വർദ്ധനവ്. പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. പ്രതിദിന കേസുകളും ടിപിആറും ഇരട്ടിയായി. ഈ സാഹചര്യത്തിൽ കേന്ദ്ര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്നലെ 1544 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 4 പേര് കൊറോണ ബാധിതരായി മരണമടഞ്ഞു. 11.39 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേസുകളുടെ വളർച്ചാ നിരക്ക് 0.02 ശതമാനമാണ്. 7972 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്. കൂടുതൽ കേസുകൾ എറണാകുളത്താണ്. 2862 പേർക്കാണ് ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് ഇന്നലെ മാത്രം 60 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ 23 പേരും പത്തനംതിട്ടയിലാണ്. ആകെ 212 പേർ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുണ്ട്. പടരുന്നത് ഒമിക്രോൺ വകഭേദമാണെന്നാണ് സർക്കാർ പറയുന്നത്.
രാജ്യത്തും കൊറോണ കേസുകൾ അനുദിനം വർദ്ധിക്കുന്നുണ്ട്. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. പകുതിയിൽ അധികം കേസുകളും കേരളത്തിൽ നിന്നും മഹാരാഷ്‌ട്രയിൽ നിന്നുമാണ്. കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിന് പിന്നാലെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച്ച സംഭവിച്ചതുമാകാം കണക്ക് വീണ്ടും ഉയരാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ
















Comments