ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. സംഘടനാ മേധാവി ഗുർപവന്ത് സിംഗ് പന്നുൻ ആണ് മുഖ്യമന്ത്രിയ്‌ക്കെതിരെ പരസ്യഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. 1995 ൽ ഭീകരർ കൊലപ്പെടുത്തിയ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ അനുഭവത്തിൽ നിന്നും പഠിക്കണം എന്നാണ് ഭീഷണി.
ബ്ലൂ സ്റ്റാർ ദൗത്യത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച് സുവർണ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കുകയും കൂടുതൽ അർദ്ധ സൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലാണ് ഭഗവന്ത് മന്നിനെ വധിക്കുമെന്ന ഭീഷണി മുഴക്കി ഗുർപവന്ത് സിംഗ് പന്നുൻ രംഗത്ത് വന്നത്. ബിയാന്ത് സിംഗ് നേരിട്ടതിന് സമാനമായ പ്രത്യാഘാതങ്ങൾ ഭഗവന്ത് മന്നിനും നേരിടേണ്ടിവരുമെന്ന് വീഡിയോയിൽ പറയുന്നു.
കഴിഞ്ഞ ദിവസം രാജ്പുര തെർമൽ പ്ലാന്റിന് സമീപം നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വവും സിഖ് ഫോർ ജസ്റ്റിസ് ഏറ്റെടുത്തിട്ടുണ്ട്. സംഭവ ശേഷം തെളിവുകളായി സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്തത് തങ്ങളുടെ ആളുകൾ ആണെന്ന് വീഡിയോയിൽ പറയുന്നു. തിങ്കളാഴ്ച ഖാലിസ്താൻ ഹിതപരിശോധനനടത്തുമെന്നും ആഹ്വാനം ഉണ്ട്.
















Comments