ചണ്ഡീഗഡ്: പഞ്ചാബിൽ കലാപം സൃഷ്ടിക്കാനുള്ള സംഘടിത നീക്കവുമായി ഖാലിസ്ഥാൻ ഭീകരർ. അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിന് മുൻപിൽ മാരകായുധങ്ങളുമായി ഭീകരർ തടിച്ച് കൂടി. ബ്ലൂ സ്റ്റാർ ഓപ്പറേഷന്റെ വാർഷികത്തോട് അനുബന്ധിച്ച് സുവർണ ക്ഷേത്രത്തിലും പരിസരങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. ഇതിനിടെയാണ് ക്ഷേത്രത്തിന് മുൻപിൽ ഭീകരർ പ്രതിഷേധവുമായി എത്തിയത്.
രാവിലെയോടെയാണ് ക്ഷേത്ര കവാടത്തിന് മുൻപിൽ ഖാലിസ്ഥാൻ ഭീകരർ തടിച്ച് കൂടിയത്. ജർണയിൽ ഭിന്ദ്രൻവാലെയുടെ അനുയായികൾ ആയുധങ്ങളുമായി സംഘടിച്ചെത്തിയത്. വാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കയ്യിലേന്തിയ ഇവർ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യവും മുഴക്കിയിരുന്നു. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്ററുകളും കയ്യിലേന്തിയാണ് ഇവരുടെ പ്രതിഷേധം.
സംഭവം അറിഞ്ഞ് സ്ഥലത്ത് പോലീസ് വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രതയാണ് പോലീസ് പുലർത്തുന്നത്. നേരത്തെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ വാർഷിക വേളയിൽ സർക്കാർ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഖാലിസ്ഥാൻ ഭീകര സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ തന്നെ നേരിട്ടാണ് സുരക്ഷാകാര്യങ്ങളിൽ ഇടപെടുന്നത്.
















Comments