തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി മഹീന്ദ്ര ഗ്രൂപ്പ് നൽകിയ ഥാർ അങ്ങാടിപ്പുറം സ്വദേശിയ്‌ക്ക്. വിദേശ വ്യവസായിയായ വിഘ്‌നേഷ് വിജയകുമാറാണ് ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കിയത്. 43 ലക്ഷം രൂപയ്‌ക്കാണ് ലേലം ഉറപ്പിച്ചത്. ഇതിന് പുറമേ ജിഎസ്ടിയും ദേവസ്വത്തിന് നൽകണം.
വിഘ്‌നേഷിന് വേണ്ടി സുഹൃത്തായ അനൂപ് ആണ് ലേലത്തിൽ പങ്കെടുത്തത്. അനൂപിനൊപ്പം വിഘ്‌നേഷിന്റെ പിതാവും എത്തിയിരുന്നു. ആകെ 14 പേരാണ് ലേലത്തിൽ പങ്കെടുത്തത്. 15 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ഥാർ ലേലം ആരംഭിച്ചത്. വിഘ്‌നേഷിനായി അനൂപ് 37 ലക്ഷം രൂപ ലേലം വിളിച്ചു. ഇതിന് പിന്നാലെ ലേലത്തിൽ പങ്കെടുത്ത മഞ്ജുഷ 39 ലക്ഷം രൂപ ലേലം വിളിച്ചു. എന്നാൽ എസ്. രാജശേഖരൻ 40 ലക്ഷം രൂപ ലേലം വിളിക്കുകയായിരുന്നു. ഇവരെയെല്ലാം മറികടന്നാണ് 43 ലക്ഷം രൂപയ്‌ക്ക് വിഘ്‌നേഷ് ഥാർ സ്വന്തമാക്കിയത്.
ഥാറിനെ ഗുരുവായൂരപ്പന്റെ പ്രസാദമായാണ് കണക്കാക്കുന്നതെന്ന് അനൂപ് പറഞ്ഞു. ദൈവത്തിന്റേതായതിനാൽ എന്ത് വില കൊടുത്തും സ്വന്തമാക്കാൻ ആയിരുന്നു നിർദ്ദേശം. അദ്ദേഹം ഗുരുവായൂരപ്പന്റെ ഭക്തനാണ്. അന്ന് ലേലം വിളിച്ചപ്പോൾ തങ്ങൾ അറിഞ്ഞിരുന്നില്ല. ദൈവത്തിന് വിലകൽപ്പിക്കാൻ സാധിക്കില്ല. ഥാർ സ്വന്തമാക്കാൻ എത്ര രൂപ വേണമെങ്കിലും നൽകാൻ തങ്ങൾ തയ്യാറായിരുന്നുവെന്നും അനൂപ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
Comments