തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ എന്ന പേരിൽ പ്രചരിപ്പിക്കുന്നത് നുണകളാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.രഹസ്യമൊഴി രേഖപ്പെടുത്തിയ ഉടനെ അത് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തുന്നത് രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
സർക്കാരിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്‌ക്കും അവമതിപ്പ് സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. എൽഡിഎഫിന് തുടർഭരണം ലഭിക്കുകയും കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ട് തന്നെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ബഹുഭൂരിപക്ഷവും നടപ്പാക്കുന്നതിന് സർക്കാർ നേതൃത്വം നൽകി വരികയുമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഈ ഘട്ടത്തിൽ അത്തരം ചർച്ചകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ മുഖ്യമന്ത്രിയ്‌ക്കെതിരായി തന്നെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇപ്പോൾ നടന്നിട്ടുള്ള ഗൂഢാലോചനയുടെ പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നയതന്ത്ര സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എറണാകുളം ജില്ലാ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രൻ, നളിനി നെറ്റോ, മുൻമന്ത്രി കെ ടി ജലീൽ എന്നിവർക്കുള്ള പങ്ക് കോടതിയിൽ മൊഴിയായി നൽകിയെന്ന് സ്വപ്ന വെളിപ്പെടുത്തി.സംശയകരമായ സാഹചര്യത്തിൽ ബിരിയാണി ചെമ്പ് പാത്രം കോൺസൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇതിൽ മെറ്റലിന്റെ സാന്നിധ്യമുണ്ടെന്നും സ്വപ്ന ആരോപിച്ചു
Comments