ന്യൂഡൽഹി: വിമാനത്താവളങ്ങളിൽ മാസ്‌ക് നിർബന്ധം. വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മാസ്‌ക് നിർബന്ധമാക്കി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർഗനിർദ്ദേശം പുറത്തിറക്കി. മാസ്‌ക് ധരിക്കാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഇടവേളയ്‌ക്ക് ശേഷം രാജ്യത്ത് കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഡിജിസിഐ മാർഗനിർദ്ദേശം പുറത്തിറക്കിയത്. വിമാനത്താവളങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുന്നതിന്റെ ചുമതല സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കായിരിക്കും.
കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ ഡിജിസിഎ മാർഗനിർദേശങ്ങൾ വന്നത്.
മാസ്‌ക് ധരിക്കാതിരിക്കുകയോ കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്താക്കുമെന്ന് ഡിജിസിഎ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. തുടർച്ചയായ മുന്നറിയിപ്പുകൾക്കു ശേഷവും കോവിഡ് പ്രോട്ടോക്കോൾ ലംഘനം തുടരുകയാണെങ്കിൽ അവരെ ‘നിയന്ത്രിക്കാനാവാത്ത യാത്രക്കാരൻ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.
പ്രത്യേക സാഹചര്യങ്ങളിലൊഴികെ മാസ്‌ക് മൂക്കിന് താഴെ ധരിക്കാൻ അനുവദിക്കില്ല.മാസ്‌ക് ധരിക്കാതെ ആരും വിമാനത്താവളത്തിൽ പ്രവേശിക്കുന്നില്ലെന്ന് സിഐഎസ്എഫും സുരക്ഷാജീവനക്കാരും ഉറപ്പാക്കണം. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യുന്നവരെ വിമാനത്താവള ജീവനക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറണം. താക്കീത് ചെയ്തശേഷവും വീഴ്‌ച്ചവരുത്തുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.
Comments