‘2040ഓടെ ഇന്ത്യ 20 ട്രില്ല്യൺ ഡോളർ സമ്പദ്ഘടനയാകും‘: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

Published by
Janam Web Desk

ന്യൂഡൽഹി: 2040ഓടെ ഇന്ത്യ 20 ട്രില്ല്യൺ ഡോളർ സമ്പദ്ഘടനയാകുമെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ. അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ സമ്പദ്ഘടന 5 ട്രില്ല്യൺ ഡോളറിലേക്ക് ഉയരുകയും ഓരോ ഏഴ് വർഷവും ക്രമാനുഗതമായി ജിഡിപി ഇരട്ടിയാകുകയും ചെയ്താലാണ് ഇന്ത്യക്ക് ഈ നേട്ടം കൈവരിക്കാൻ സാധിക്കുക. 2026-27 കാലയളവിൽ ഇന്ത്യൻ സമ്പദ്ഘടന 5 ട്രില്ല്യൺ ഡോളർ നേട്ടത്തിലെത്തുമെന്ന് അന്താരാഷ്‌ട്ര നാണയ നിധി നേരത്തേ പ്രവചിച്ചിരുന്നു.

കൊറോണ വ്യാപനവും യുക്രെയ്ൻ യുദ്ധവും ആഗോള സാമ്പത്തിക വളർച്ചയെ പിന്നോട്ടടിച്ചിരുന്നു. ഇത് പല രാജ്യങ്ങളിലും രൂക്ഷമായ വിലക്കയറ്റത്തിന് കാരണമായി. എന്നാൽ ഇന്ത്യൻ സമ്പദ്ഘടനക്ക് വലിയ തിരിച്ചടി നേരിട്ടിട്ടില്ലെന്നാണ് അന്താരാഷ്‌ട്ര ഏജൻസികളുടെ വിലയിരുത്തൽ.

കൊറോണ വ്യാപനം മന്ദീഭവിപ്പിച്ച സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. വരും നാളുകളിൽ വലിയ തിരിച്ചടികൾ നേരിട്ടില്ലെങ്കിൽ സാമ്പത്തിക പരിഷ്കരണ നയങ്ങളുടെ ഫലങ്ങൾ ജനങ്ങൾക്ക് അനുഭവവേദ്യമായി തുടങ്ങുമെന്നും വി അനന്ത നാഗേശ്വരൻ പറഞ്ഞു.

ഇന്ത്യൻ സമ്പദ്ഘടന സുശക്തമാണെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമനും വ്യക്തമാക്കി.  കൊറോണയും യുക്രെയ്ൻ യുദ്ധവും ഉയർത്തിയ വെല്ലുവിളി അതിജീവിക്കാൻ സമ്പദ്ഘടനയെ പ്രാപ്തമാക്കിയത് കേന്ദ്ര സർക്കാരിന്റെ ഫലപ്രദമായ സാമ്പത്തിക നയങ്ങളാണെന്നും മന്ത്രി പറഞ്ഞു. ബാങ്കിംഗ് പരിഷ്കരണങ്ങൾ, കോർപ്പറേറ്റ് നികുതി ഇളവ്, ജിഎസ്ടി നടപ്പിലാക്കൽ തുടങ്ങിയ നടപടികൾ വലിയ തോതിൽ സമ്പദ്ഘടനയ്‌ക്ക് ഗുണം ചെയ്തു. അപ്രതീക്ഷിതമായ ആഘാതമായി ആഗോള സമ്പദ്ഘടനയ്‌ക്ക് മേൽ കൊറോണയും യുക്രെയ്ൻ യുദ്ധവും ആഞ്ഞടിച്ചുവെങ്കിലും ഇന്ത്യക്ക് ഫലപ്രദമായി ആ സാഹചര്യങ്ങളെ നേരിടാൻ  സാധിച്ചതായി നിർമ്മല സീതാരാമൻ വ്യക്തമാക്കി.

Share
Leave a Comment