തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായി സ്വപ്‌ന സുരേഷ് ഉയർത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന കോൺഗ്രസ് മാർച്ചിൽ സംഘർഷം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കൊച്ചി, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘനടകൾ പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെ ഇതിന് മുമ്പും സമാനമായ ആരോപണങ്ങൾ സ്വപ്‌നയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് പ്രതികളെ വിരട്ടാൻ വേണ്ടിയാണെന്നും കൊച്ചിയിൽ നടന്ന മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. സർക്കാരിനും സിപിഎമ്മിനും ഭയമാണ്. ആരോപണം അടിസ്ഥാന രഹിതമാണെങ്കിൽ നിയമനടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
പ്രതിഷേധത്തിനായി ബിരിയാണി ചെമ്പ് അടക്കമുള്ള വസ്തുക്കളായാണ് പ്രവർത്തകർ എത്തിയത്. തിരുവനന്തപുരത്ത് മാർച്ചിനെത്തിയവർ സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പോലീസിനെതിരെ കല്ലേറുണ്ടായതോടെ പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പോലീസുകാരനും പ്രവർത്തകനും പരിക്കേറ്റു. കോഴിക്കോടും കണ്ണൂരും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിച്ചു.
കാസർകോട് നടന്ന മാർച്ചിനിടെ ബിരിയാണി ചെമ്പ് കളക്ടറേറ്റിലേക്ക് വലിച്ചെറിഞ്ഞായിരുന്നു പ്രതിഷേധം കടുപ്പിച്ചത്. പ്രക്ഷോഭകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. കോട്ടയത്ത് പോലീസിന് നേരെ കുപ്പിയും കല്ലുമെറിഞ്ഞാണ് പ്രതിഷേധം സംഘർഷഭരിതമായത്. തൃശൂരിൽ വനിത പ്രവർത്തകരുൾപ്പെടെയുള്ളവരാണ് പ്രതിഷേധത്തിനെത്തിയത്.
















Comments