മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എ ഐ എം ഐ എമ്മിന്റെ പിന്തുണ സ്വീകരിച്ച മഹാ വികാസ് അഖാഡി സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി രാജ് താക്കറെയുടെ മഹാരാഷ്‌ട്ര നവനിർമാൺ സേന. കോൺഗ്രസും എൻസിപിയും ഒവൈസിയുടെ പിന്തുണ സ്വീകരിക്കുന്നത് മനസ്സിലാക്കാം. എന്നാൽ ശിവസേനയുടെ നടപടി അങ്ങേയറ്റം അപമാനകരമാണ് എന്ന് എം എൻ എസ് വ്യക്തമാക്കി.
ശിവസേനയുടെ നടപടി മഹാരാഷ്‌ട്രയ്‌ക്ക് ആകെ അപമാനകരമാണ്. അവരുടെ കപടഹിന്ദുത്വമാണ് ഇതിലൂടെ തുറന്നു കാട്ടപ്പെടുന്നത്. ഒവൈസിയുടെ പിന്തുണ സ്വീകരിച്ച ഉദ്ധവ് താക്കറെ മറാഠാ ഹിന്ദുത്വ പരമ്പരയ്‌ക്ക് ആകെ അപമാനമാണെന്ന് നവനിർമാൺ സേന വക്താവ് ഗജാനൻ കാലേ പറഞ്ഞു.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഖാഡി സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കുമെന്ന് എ ഐ എം ഐ എം നേതാവ് ഇംതിയാസ് ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനായാണ് ശിവസേന ഉൾപ്പെടുന്ന സഖ്യത്തിന് പിന്തുണ നൽകുന്നതെന്നും ജലീൽ ട്വീറ്റ് ചെയ്തിരുന്നു.
















Comments