ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രസിഡന്റും സൈനിക മേധാവിയായിരുന്ന
പർവേസ് മുഷറഫ് അന്തരിച്ചുവെന്ന വാർത്ത പിൻവലിച്ച് പാക് മാദ്ധ്യമങ്ങൾ. ദുബായിൽ താമസിക്കുന്ന മുഷറഫ് മരിച്ചുവെന്ന് പാകിസ്താനിലെ ചില വാർത്താ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് വ്യാജമാണെന്ന് വ്യക്തമായതോടെ വാർത്ത പിൻവലിക്കുയായിരുന്നു.
രോഗബാധിതനായി ദുബായിലെ ആശുപത്രിയിൽ കഴിയുകയായിരുന്നു പർവേസ് മുഷറഫ്. ഇയാളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ കുടുംബവും വിശദീകരണം നൽകിയിട്ടുണ്ട്. പർവേസ് മുഷറഫ് വെന്റലേറ്ററിലല്ല എന്നാണ് കുടുംബം പറയുന്നത്. അസുഖബാധിതനായി കഴിഞ്ഞ മൂന്നു മാസമായി അദ്ദേഹം ആശുപത്രിയിലാണ്. അവയവയങ്ങളുടെ പ്രവർത്തനം തകരാറിലായതിനാൽ തികച്ചും ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാകാൻ പ്രാർത്ഥിക്കണമെന്നും കുടുംബം പറഞ്ഞു.
രോഗബാധിതനായ അദ്ദേഹം വീട്ടിലുണ്ടെന്ന് പാക്ക് മാദ്ധ്യമപ്രവർത്തകനായ വജാഹദ് കാസ്മി ട്വിറ്ററിൽ കുറിച്ചു. ഇതിന് പിന്നാലെയാണ് പാക് മാദ്ധ്യമങ്ങൾ വാർത്ത പിൻവലിച്ചത്.
പെഷവാർ കോടതി വധശിക്ഷയ്‌ക്ക് വിധിച്ച ഇയാൾ ദുബായിൽ കഴിയുകയായിരുന്നു. 2007 ൽ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്. 2007ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തിൽ മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് 2013ൽ കേസെടുത്തിരുന്നു. ബേനസീർ ഭൂട്ടോ വധക്കേസിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ 2016 മാർച്ചിലാണ് മുഷ്‌റഫ് രാജ്യം വിട്ടത്.
1999 ലെ കാർഗിൽ യുദ്ധത്തിന് നേതൃത്വം നൽകിയതും ഇയാളായിരുന്നു. ഇന്ത്യൻ സർക്കാരും അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാക് സൈനിക മേധാവിയായരുന്ന മുഷറഫിന്റെ നേതൃത്വത്തിൽ പാക് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്തിയത്.
Comments