കൊച്ചി: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലെത്തുന്ന മാദ്ധ്യമപ്രവർത്തകരുടെയും പൊതുജനത്തിന്റെയുമടക്കം മാസ്‌ക് അഴിപ്പിച്ച സംഭവം ഇന്ന് കേരള ഹൈക്കോടതിയുടെ പരിഗണനയിലെത്തും. അഡ്വ.സേതുകുമാർ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. ഇന്നലെ അഭിഭാഷകൻ ഡിജിപിയ്‌ക്കും പരാതി നൽകിയിരുന്നു.
സുരക്ഷയുടെ പേരിൽ ധരിച്ചിരിക്കുന്ന കറുത്ത മാസ്‌ക് ഊരുന്നത് നിയമവിരുദ്ധമാണ്. കോട്ടയത്ത് തന്നെ തടഞ്ഞ് നിർത്തിയ പോലീസ് കറുത്ത മാസ്‌ക് മാറ്റാൻ ആവശ്യപ്പെട്ടുവെന്നാണ് അഭിഭാഷകൻ പരാതിയിൽ ആരോപിക്കുന്നത്. ഏത് മാസ്‌ക് ധരിക്കണം എന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്നും ഇത് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുന്നത്.
പ്രതിഷേധം ഭയന്ന് സുരക്ഷാ നാടകമൊരുക്കിയ മുഖ്യമന്ത്രിയും സംഘവും പൊതുജനത്തിന് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. സുരക്ഷയുടെ പേരിൽ മണിക്കൂറുകളോളം റോഡുകൾ അടച്ചിട്ടത് പോരാഞ്ഞ് അണിഞ്ഞ മാസ്‌ക് വരെ അഴിപ്പിക്കുകയാണ് പോലീസ്. കറുത്ത വസ്ത്രങ്ങൾക്കും മാസ്‌കിനും വരെ വിലക്കേർപ്പെടുത്തിയത് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ മാസ്‌ക് അഴിപ്പിക്കരുതെന്ന് പോലീസിന് ഉന്നതതലത്തിൽ നിന്ന് നിർദ്ദേശം നൽകിയിരുന്നു.
Comments