ധാക്ക: പ്രവാചക വിവാദം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് മന്ത്രി ഹസ്സൻ മഹ്മൂദ്. മറ്റ് ചില മുസ്ലീം രാഷ്‌ട്രങ്ങളിൽ ഇത് വിവാദ വിഷയമായിരിക്കാം. എന്നാൽ ബംഗ്ലാദേശിൽ ഇത് പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട വിഷയമാണ് എന്ന തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, വിവാദ വിഷയത്തിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികൾ സ്വാഗതാർഹവും അഭിനന്ദനാർഹവുമാണെന്നും ബംഗ്ലാദേശ് വാർത്താ വിതരണ വകുപ്പ് മന്ത്രിയായ മഹ്മൂദ് പറഞ്ഞു. പ്രവാചക വിവാദത്തിൽ എന്തുകൊണ്ട് ബംഗ്ലാദേശ് പ്രതികരിക്കുന്നില്ല എന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ്, അത് മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ് എന്ന് മഹ്മൂദ് മറുപടി നൽകിയത്.
അതേസമയം പ്രവാചക വിവാദത്തിൽ ബംഗ്ലാദേശിൽ ചില സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അത് പ്രതിഷേധം നടത്തിയ സംഘടനകളുടെ പ്രതികരണമായിരുന്നു എന്നും ഹസൻ മഹ്മൂദ് മറുപടി നൽകി.
ഇന്ത്യയുമായി ബംഗ്ലാദേശിന് വളരെ അടുത്ത ബന്ധമാണുള്ളത്. ആഭ്യന്തര രാഷ്‌ട്രീയത്തിൽ നേതാക്കൾ പലവിധ അഭിപ്രായ പ്രകടനങ്ങളും നടത്തും. ഇക്കാര്യങ്ങളിൽ ബംഗ്ലാദേശിന് ഇന്ത്യയോട് വിശദീകരണം തേടേണ്ട കാര്യമില്ല. മഹ്മൂദ് വ്യക്തമാക്കി.
ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ അഗാധമായ ബന്ധമാണുള്ളത്. കൊറോണ രോഗവ്യാപനത്തിന്റെ നാളുകളിൽ ബംഗ്ലാദേശിന് 110 ആംബുലൻസുകളും മറ്റ് സഹായങ്ങളും നൽകിയ രാജ്യമാണ് ഇന്ത്യയെന്നും ബംഗ്ലാദേശ് വാർത്താ വിതരണ വകുപ്പ് മന്ത്രി ഹസ്സൻ മഹ്മൂദ് കൂട്ടിച്ചേർത്തു.
















Comments