കണ്ണൂർ: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി ആക്രമണം നടത്തി ഡിവൈഎഫ്ഐ.
കണ്ണൂരിലെ നേതാക്കളുടെ വീടിന് നേരെ ബോംബേറുണ്ടാവുമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചതിന് പിന്നാലെ കണ്ണൂരിൽ കനത്ത ജാഗ്രത.മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് മുന്നണി കൺവീനർ ഇപി ജയരാജന്റെയും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു.
ജില്ലയിലേക്ക് മറ്റിടങ്ങളിൽ നിന്നും കൂടുതൽ പോലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണ സാധ്യതയെന്നും ഇന്റലിജൻസ് വിവരമുണ്ട്. ഈ പശ്ചാത്തലത്തിൽ ഓഫീസുകളുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിനുള്ളിൽ കറുപ്പണിഞ്ഞ് പ്രതിഷേധം ഉണ്ടായതിന് പിന്നാലെ ഡിവെെഎഫ്ഐയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ തെരുവിൽ അക്രമം അഴിച്ച് വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കെപിസിസി ആസ്ഥാനമടക്കം ആക്രമിക്കപ്പെട്ടിരുന്നു.പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
Comments