‘ഹൗ ടു കിൽ യുവർ ഹസ്ബൻഡ്‘ (നിങ്ങളുടെ ഭർത്താവിനെ എങ്ങനെ കൊല്ലാം) എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. സ്വന്തം ഭർത്താവിനെ ക്രൂരമായി വെടിവച്ചു കൊന്ന കേസിലാണ് എഴുത്തുകാരി നാൻസി ക്രാംപ്ടൺ ബ്രോഫിക്ക് (71) ജീവപര്യന്തം ലഭിച്ചത്. 25 വർഷം ശിക്ഷ അനുഭവിച്ചുകഴിഞ്ഞാൽ പരോളിന് അപേക്ഷിക്കാൻ നാൻസിക്ക് കഴിയുമെന്ന് ഒറിഗോണിലെ ജഡ്ജി പ്രതികരിച്ചു.
കഴിഞ്ഞ മാസമായിരുന്നു നാൻസി കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയത്. ഇ-ബേ വഴി തോക്ക് വാങ്ങിയ നാൻസി ഏകദേശം 1.5 മില്യൺ ഡോളർ വിലമതിക്കുന്ന ലൈഫ് ഇൻഷുറൻസ് കൈക്കലാക്കാമെന്ന പ്രതീക്ഷയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. കേസിന്റെ വിചാരണ ഒരു മാസത്തോളം നീണ്ടുനിന്നിരുന്നു. എന്നാൽ തന്റെ പുതിയ രചനയ്‌ക്കായുള്ള പഠനത്തിന് വേണ്ടിയാണ് തോക്കുവാങ്ങിയതെന്നാണ് നാൻസിയുടെ വാദം.
2018 ജൂണിലായിരുന്നു നാൻസിയുടെ ഭർത്താവായ ഡാനിയൽ ബ്രോഫിയെ ജോലി സ്ഥാപനത്തിലെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. സംഭവസമയത്ത് ഭാര്യ നാൻസി സമീപ പ്രദേശത്തുകൂടി വാഹനമോടിച്ച് പോകുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതാണ് നാൻസിക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയം വർധിപ്പിച്ചത്.
അതേസമയം ജീവപര്യന്തം വിധിക്കെതിരെ അപ്പീൽ പോകുമെന്ന് നാൻസി ക്രാംപ്ടൺ ബ്രോഫിയുടെ അഭിഭാഷകർ പറഞ്ഞു. വർഷങ്ങളായി ദമ്പതികൾക്കിടയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നിലനിന്നിരുന്നതായും ഭർത്താവിനെ കൊല്ലണമെന്ന ഉദ്ദേശ്യം നാൻസിക്ക് ഇല്ലായിരുന്നുവെന്നും അഭിഭാഷകർ കൂട്ടിച്ചേർത്തു.
‘നിങ്ങളുടെ ഭർത്താവിനെ എങ്ങനെ കൊല്ലാം’ എന്ന വിഷയത്തിൽ പുസ്തകം എഴുതിയതോടെയായിരുന്നു നാൻസിയെന്ന എഴുത്തുകാരി പ്രശസ്തയായത്. റോങ് നെവർ ഫെൽറ്റ് സോ റൈറ്റ് (തെറ്റായത് ഒരിക്കലും ശരിയല്ല), ദ റോങ് ഹസ്ബൻഡ് (തെറ്റുകാരനായ ഭർത്താവ്), ദ റോങ് ലവർ (തെറ്റായ കാമുകൻ) എന്നിങ്ങനെ നിരവധി നോവലുകളും നാൻസി രചിച്ചിരുന്നു. നാൻസിയെ ലോകപ്രശസ്തയാക്കിയ ഹൗ ടു കിൽ യുവർ ഹസ്ബൻഡ് എന്ന പുസ്തകത്തിൽ പങ്കാളിയെ ഇല്ലാതാക്കുന്നതിനുള്ള വഴികളും ന്യായീകരണങ്ങളുമാണ് വിശദീകരിക്കുന്നത്. പുസ്തകം ഇപ്പോഴും ഓൺലൈനിൽ ലഭ്യമാണ്.
















Comments