കൊൽക്കത്ത: ഹോങ്കോംഗിനെതിരെ തകർപ്പൻ ജയത്തോടെ ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനൽ റൗണ്ട് പ്രവേശനം ആഘോഷമാക്കി ഇന്ത്യ. 4-0 എന്ന സ്കോറിനാണ് ഇന്ത്യ ഹോങ്കോംഗിനെ തകർത്തത്.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ അൻവർ അലിയാണ് ഇന്ത്യക്ക് വേണ്ടി ആദ്യം ഗോൾ നേടിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ സുനിൽ ഛേത്രി ഇന്ത്യയുടെ ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ രണ്ട് ഗോളുകൾ കൂടി നേടി ഇന്ത്യ ഹോങ്കോംഗിന്റെ പതനം പൂർത്തിയാക്കി. മൻവീർ സിംഗും ഇഷാൻ പണ്ഡിതയുമാണ് ഇന്ത്യയുടെ മറ്റ് ഗോൾ സ്കോറർമാർ.
ഹോങ്കോംഗിനെതിരായ ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് പൂർത്തിയാക്കിയത്. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ പലസ്തീൻ ഫിലിപ്പീൻസിനെ പരാജയപ്പെടുത്തിയതോടെ തന്നെ ഇന്ത്യ യോഗ്യത നേടിയിരുന്നു.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ക്യാപ്ടൻ സുനിൽ ഛേത്രിയുടെ മികവിൽ കംബോഡിയയെ ഇന്ത്യ 2-0 എന്ന സ്കോറിൽ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തിൽ ഛേത്രിയും മലയാളി താരം സഹലും നേടിയ ഗോളുകളുടെ മികവിൽ 2-1ന് അഫ്ഗാനിസ്ഥാനെയും ഇന്ത്യ തോൽപ്പിച്ചിരുന്നു.
ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പ് ഫുട്ബോളിന് യോഗ്യത നേടുന്നത്. 1964, 1984, 2011, 2019 വർഷങ്ങളിലാണ് ഇതിന് മുൻപ് ഇന്ത്യൻ എ എഫ് സി ഏഷ്യൻ കപ്പിൽ കളിച്ചത്.
Comments