തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരായ വിമാനപ്രതിഷേധ കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പോലീസ് ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും.
ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. കേസിലെ ഗൂഢാലോചന ഉൾപ്പടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദ്ദേശം.
അറസ്റ്റിലായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും.കേസിൽ സഹയാത്രികരുടെ മൊഴി ഇന്നലെ എടുത്തിരുന്നു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്. കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റുകയും ചെയ്തു. കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ഇത്. ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ആയിരുന്നു നിലവിൽ കേസ് പരിഗണിച്ചിരുന്നത്.
Comments