പെപ്‌സി കുടിക്കാൻ ഇഷ്ടമുള്ള ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. പക്ഷേ ദിവസവും പെപ്‌സി കുടിക്കുന്നവരുണ്ടോ.. തീർച്ചയായും ഉണ്ടാകുമല്ലേ.. പ്രത്യേകിച്ചും വിദേശരാജ്യങ്ങളിൽ. എന്നാൽ 20 വർഷമായി പെപ്‌സി കുടിക്കാതെ ഒരു ദിവസം പോലും കഴിഞ്ഞിട്ടില്ലാത്ത ഒരു മനുഷ്യനുണ്ട് ഈ ലോകത്ത്. ദിവസവും 30 കാൻ പെപ്‌സി കുടിച്ചുതീർക്കുന്ന ഇതിനായി പ്രതിവർഷം ആറര ലക്ഷം രൂപ ചിലവഴിക്കുന്ന ഒരു പെപ്‌സി ആരാധകൻ.
41-കാരനായ ആൻഡി ക്യൂറിയാണ് കഴിഞ്ഞ 20 വർഷമായി ദിനംപ്രതി പെപ്‌സി കുടിക്കുന്നത്. അതും 30 കാൻ പെപ്‌സി പ്രതിദിനം. നോർത്ത് വെയിൽസിലെ ബാങ്കോർ സ്വദേശിയാണ് ഇദ്ദേഹം. ഇക്കാലമത്രയും 2,19,000-ത്തോളം കാൻ പെപ്‌സികൾ അദ്ദേഹം കുടിച്ച് തീർത്തിട്ടുണ്ടാകുമെന്നാണ് കണക്ക്. തന്റെ 20-ാം വയസിൽ തുടങ്ങിയ ഈ പെപ്‌സി പ്രേമം ആൻഡിയെ പൂർണമായും കീഴടക്കുകയായിരുന്നു.
തണുത്ത പെപ്‌സിയുടെ രുചി തനിക്ക് ഏറെ ഇഷ്ടമാണ്. ആ സ്വാദിനെ മറികടക്കാൻ മറ്റൊന്നിനും കഴിഞ്ഞിട്ടില്ലെന്നാണ് തോന്നിയിട്ടുള്ളത്. എപ്പോഴും രാത്രി ജോലി ചെയ്യുന്നയാളാണ് താൻ. അതിനാൽ ജോലിസമയത്ത് ഉറങ്ങാതിരിക്കാൻ ഈ പെപ്‌സി കുടിച്ചുകൊണ്ടിരിക്കും. പെപ്‌സിക്കായി താൻ പ്രതിവർഷം ഉപയോഗിക്കുന്ന പൈസയുണ്ടെങ്കിൽ എല്ലാ വർഷവും തനിക്ക് ഓരോ പുതിയ കാർ വാങ്ങാമായിരുന്നു. പക്ഷേ തനിക്ക് വേണ്ടിയിരുന്നത് പെപ്‌സിയായിരുന്നു. എഴുന്നേറ്റാൽ ഉടൻ കുടിക്കുന്നതും, പുറത്തിറങ്ങുമ്പോൾ കയ്യിൽ കരുതുന്നതും, പാർട്ടികൾക്ക് പോയാൽ കുടിക്കുന്നതും എല്ലാം പെപ്‌സിയായിരുന്നുവെന്നും ആൻഡി പറഞ്ഞു.
ദിവസവും പത്ത് ലിറ്റർ പെപ്‌സിയാണ് ഇത്തരത്തിൽ ആൻഡി അകത്താക്കുന്നത് അതിനാൽ വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് കാരണമായി. 120 കിലോ ഭാരം വെച്ച ആൻഡി പിന്നീട് അത് കുറയ്‌ക്കാൻ ഏറെ പ്രയാസപ്പെട്ടു. പ്രമേഹരോഗവും പിടിപ്പെട്ടതോടെ പെപ്‌സി ഒഴിവാക്കുകയാണ് നല്ലെതെന്ന് ആൻഡിക്ക് തോന്നിതുടങ്ങി. തുടർന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിപ്‌നോട്ടിസ്റ്റുമായി ബന്ധപ്പെട്ട് ചികിത്സ ആരംഭിച്ചപ്പോൾ ആൻഡിയുടെ പെപ്‌സി അഡിക്ഷൻ കുറഞ്ഞുവരാൻ തുടങ്ങി. ചികിത്സ ഫലപ്രദമായതോടെ താൻ കുടിവെള്ളം ഇഷ്ടപ്പെടാൻ തുടങ്ങിയെന്നും ഇപ്പോൾ പെപ്‌സി കുടിക്കാൻ ശ്രമിക്കാറില്ലെന്നും ആൻഡി പറയുന്നു.
Comments