കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതായി പരാതി. ആയിരക്കണക്കിന് അനധികൃത കെട്ടിടങ്ങൾക്ക് ഇത്തരത്തിൽ നമ്പർ നൽകിയെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് റവന്യു വിഭാഗത്തിലെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ദുരുപയോഗം ചെയ്തതിനാണ് നടപടി.
മാസങ്ങളായി നടക്കുന്ന തട്ടിപ്പിനെ കുറിച്ച് ഏഴ് മാസം മുമ്പ് ഒരു ഉദ്യോഗസ്ഥൻ പരാതി നൽകിയിരുന്നു. 261 അനധികൃത കെട്ടിടങ്ങൾക്ക് ബേപ്പൂർ സോണൽ ഓഫീസിൽ നിന്ന് അനുമതി നൽകിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥൻ പരാതി നൽകിയത്. എന്നാൽ കോർപ്പറേഷൻ സംഭവം അന്വേഷിക്കാനോ പരാതി നൽകാനോ തയ്യാറായില്ല.
കോർപ്പറേഷൻ പരിധിയിലെ കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നത് ‘സഞ്ജയ’ എന്ന സോഫ്റ്റ്വെയറിലൂടെയാണ്. റവന്യു വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥർ വിവിധ ഘട്ടങ്ങളിലായി ഇ-ഫയൽ പരിശോധിച്ചാണ് അംഗീകാരം നൽകുന്നത്. ഇതിനായി അവർക്കു നൽകിയ യൂസർ നെയിം, പാസ്‌വേഡ് എന്നിവയാണ് ചോർത്തിയത്. ഇവ ഉപയോഗിച്ച് കോർപ്പറേഷൻ ഓഫീസിന് പുറത്ത് നിന്ന് ലോഗിൻ ചെയ്ത് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയെന്നാണ് വിവരം.
















Comments