കേരളത്തിൽ അപൂർവ്വമായി വിരിയുന്ന സഹസ്രദളപത്മം ഇരിങ്ങാലക്കുടയിലും. പുരണങ്ങളിൽ ദേവീദേവൻമാരുടെ ഇരിപ്പിടമായി വിശേഷിപ്പിക്കപ്പെടുന്നതും അപൂർവമായി മാത്രം പൂവിടുന്നതുമായ സഹസ്രദള പത്മം അഥവാ ആയിരം ഇതളുള്ള താമര, ഇരിങ്ങാലക്കുട സ്വദേശിയുടെ വീട്ടിലാണ് വിരിഞ്ഞത്. ഇരിങ്ങാലക്കുട ചേലൂരിൽ കെ എസ് പാർക്കിന് സമീപം ചേരംപറമ്പിൽ ഷിനി ഭാഗ്യരാജിന്റെ വീട്ടിലാണ് മൂന്ന് സഹസ്രദളപത്മങ്ങൾ ഒന്നിച്ച് വിരിഞ്ഞത്. അഞ്ചോളം മൊട്ടുകൾ ഇനിയും വിരിയാനായി നിൽക്കുന്നുമുണ്ട്.
മൂന്ന് ഇനം സഹസ്രദളപത്മങ്ങളാണ് സാധാരണയായി കേരളത്തിൽ കണ്ടു വരുന്നത്. ഇതിൽ അൾമേറ്റ് തൗസന്റ് പെറ്റൽസ് എന്ന ഇനത്തിൽ പെട്ട താമരയാണ് ഷിനിയുടെ തേട്ടത്തിൽ പൂവിട്ടിരിക്കുന്നത്. ഇത് കൂടാതെ മറ്റൊരു വിഭാഗമായ ഷോങ്ങ് ദാൻ ഹോങ്ങ് തായ് എന്ന വിഭാഗത്തിലുള്ള ആയിരം ഇതളുള്ള താമരയും മൊട്ടിട്ട് കഴിഞ്ഞു.
പൂമൊട്ട് വന്ന് പതിനഞ്ചാം ദിവസം പൂവിരിയും. വിരിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ ഇതളുകൾ കൊഴിഞ്ഞു തുടങ്ങും. അനുകൂല സാഹചര്യവും മികച്ച പരിപാലനവുമുണ്ടെങ്കിൽ ഒരു പൂവിൽ 800 മുതൽ 1600വരെ ഇതളുകൾ ഉണ്ടാകും. താമരയുടെ പരിചരണം അധികം ബുദ്ധിമുട്ടേറിയതല്ലെങ്കിലും നന്നായി ശ്രദ്ധിക്കണം. ഒച്ച് ആണ് ഇതിന്റെ മുഖ്യ ശത്രു. അടിയിൽ ഉണക്കിയ ചാണകപ്പൊടി ആണ് ചേർക്കുന്നത്. അതിനു മുകളിലായി സാധാരണ മണൽ ഇടണം. ട്യൂബർ നടുന്ന തൈകളിലാണ് പെട്ടെന്ന് പൂ വരുന്നത്. ട്യൂബർ നട്ടു ഏകദേശം 2 മാസത്തിനുള്ളിൽ പൂ വിരിയും.5 0 ഓളം ഇനം താമരയും അത്രയും തന്നെ ഇനത്തിലുള്ള ആമ്പലുകളും തോട്ടത്തിലുണ്ടെന്ന് ഷിനി പറയുന്നു.
















Comments