ന്യൂഡൽഹി: രാജ്യത്തെ ടെലികോം മേഖല അതിവേഗം കുതിക്കുന്നുവെന്ന സൂചന നൽകി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഈ വർഷം അവസാനത്തോടെ 5 ജി സാങ്കേതിക വിദ്യ രാജ്യത്ത് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ 25 ഓളം നഗരങ്ങളിൽ ആകും 5ജി സാങ്കേതിക വിദ്യ നടപ്പിലാക്കുക.
ഈ വർഷം അവസാനമാകുമ്പോഴേക്കും രാജ്യത്തെ 25ഓളം നഗരങ്ങളിൽ 5ജി സാങ്കേതിക വിദ്യ നടപ്പാക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു. ഇന്ത്യയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. 5ജി സാങ്കേതിക വിദ്യ പ്രാവർത്തികമാകുമ്പോഴും ഇത് പോലെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിൽ 25 ഡോളറാണ് ശരാശരി ഡാറ്റാ നിരക്ക്. എന്നാൽ ഇന്ത്യയിൽ ഇത് കേവലം രണ്ട് ഡോളർ ആണ്. വിശ്വാസയോഗ്യമായി ഇന്റർനെറ്റ് സേനങ്ങൾ ആളുകൾക്ക് നൽകുന്നതിൽ ഇന്ത്യ ഒന്നാമതാണ്. ലോകത്തിന്റെ താത്പര്യം സാങ്കേതിക വളർച്ചയിലാണ്. ഇന്ത്യയിലെ സാങ്കേതിക രംഗം അതിവേഗം വളരുന്നതിനാൽ രാജ്യത്തോടാണ് ലോകരാജ്യങ്ങൾക്ക് താത്പര്യം കൂടുതൽ. നിലവിലെ 4 ജിയെക്കാൾ 10 മടങ്ങ് വേഗമായിരിക്കും 5ജിയ്‌ക്ക് ഉണ്ടാകുക എന്നാണ് കരുതുന്നതെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
5ജി എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായിട്ടുണ്ട്. 5ജി ലേലം അടുത്ത മാസം അവസാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.ഡൽഹിയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
















Comments